കേളകം : ചൊവ്വാഴ്ച രാവിലെ പരിക്കുകളോടെ ആറളം വന്യജീവിസങ്കേതത്തിന്റെ അതിർത്തിയിലുള്ള ചീങ്കണ്ണിപ്പുഴയിലെത്തിയ കാട്ടാന രാത്രിയോടെ ചരിഞ്ഞു.

കേളകം ചെട്ട്യാംപറമ്പ് പൂക്കുണ്ടിൽ രാവിലെ എട്ടോടെ അവശനിലയിൽ പുഴയിലെത്തിയ കാട്ടാന ഉച്ചയോടെ കാട്ടിലേക്ക് തിരികെപോയിരുന്നു. എന്നാൽ വൈകീട്ട് ആറോടെ വീണ്ടും പുഴയിലെത്തി. ഏറെനേരം പുഴയിൽ നിൽക്കുകയായിരുന്നു. രാത്രിയോടെ കൂടുതൽ അവശനായ ആന രാത്രി ഒമ്പതോടെ ചരിഞ്ഞു. രാവിലെ പൂക്കുണ്ട് ചാത്തംപാറകടവിലാണ് ദേഹമാസമാസകലം പരിക്കുകളേറ്റ കാട്ടാനയെ കണ്ടത്.

റബ്ബർപ്പാൽ ശേഖരിക്കാൻ എത്തിയവരാണ് ആനയെ ആദ്യം കണ്ടത്. വലതുപിൻകാലിന് മുകളിലും മസ്തകത്തിന് പിൻഭാഗത്തും ആഴത്തിലുള്ള മുറിവുകൾ പഴുത്ത് വ്രണമായ നിലയിലായിരുന്നു. വാൽ പകുതിയോളം അഴുകിയനിലയിലുമായിരുന്നു. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു.

നാട്ടുകാരാണ് വനപാലകരെ വിവരമറിയിച്ചത്. മണത്തണ സെക്‌ഷൻ ഫോറസ്റ്റർ സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ വനപാലകരും റാപ്പിഡ് റെസ്‌പോൺസ് ടീമും സ്ഥലത്തെത്തിയിരുന്നു.

ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതാകാമെന്ന് വനപാലകർ പറഞ്ഞു. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ കാട്ടാനയെ പരിശോധിച്ച് വേണ്ടസമയത്ത് ചികിത്സ നൽകിയില്ലെന്ന ആരോപണമുണ്ട്.

content highlights: elephant died in Kelakam