കണ്ണൂർ: പട്ടയത്തിന് അപേക്ഷിച്ചവരിൽ അർഹരായ മുഴുവനാളുകൾക്കും രണ്ടരവർഷത്തിനകം പട്ടയം നൽകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാതല പട്ടയ വിതരണമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽവരുമ്പോൾ രണ്ടുലക്ഷത്തിലേറെ പട്ടയ അപേക്ഷകളാണ് ബാക്കിയുണ്ടായിരുന്നത്. ഇതിൽ 80,000 പേർക്ക് ഇതിനകം പട്ടയം നൽകിക്കഴിഞ്ഞു. ജനുവരി 15 വരെ നടക്കുന്ന പട്ടയമേളകളോടെ 1,05,000 പേർക്ക് പട്ടയവിതരണം പൂർത്തിയാവും. വരുന്ന രണ്ടര വർഷത്തിനകം ബാക്കിയുള്ളവർക്കുകൂടി പട്ടയം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 2,845 പട്ടയങ്ങളാണ് വിതരണംചെയ്തത്. 16,000-ത്തിൽപരം ലാൻഡ് ട്രിബ്യൂണൽ പട്ടയ അപേക്ഷകൾ ജില്ലയിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും എത്രയുംവേഗം അവയിൽ തീർപ്പുകൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ലാൻഡ് ട്രൈബ്യൂണലുകളുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിന് തഹസിൽദാർ ഉൾപ്പെടെയുള്ളവർക്ക് അധികചുമതല നൽകിയതായും മന്ത്രി അറിയിച്ചു.
1448 പട്ടയങ്ങൾ വിതരണംചെയ്തു
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ വിവിധ വിഭാഗങ്ങളിലായി 1,448 പട്ടയങ്ങൾ
വിതരണംചെയ്തു. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിൽ പ്രളയംമൂലം ഭൂമിയും വീടും നഷ്ടപ്പെട്ട മൂന്നുപേർക്ക് ആറളം പുനരധിവാസമേഖലയിൽത്തന്നെ ഒരേക്കർ ഭൂമി വീതം അനുവദിച്ച് കൈവശ രേഖയും നൽകി. വിവിധ വില്ലേജുകളിലെ ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് അനുവദിച്ച 59 മിച്ചഭൂമി പട്ടയങ്ങൾ, വിവിധ ലാൻഡ് ട്രിബ്യൂണലുകളിൽനിന്ന് അനുവദിച്ച 1245 പട്ടയങ്ങൾ, ഭൂരഹിതർക്ക് നൽകിവരുന്ന 61 സീറോലാൻഡ്‌ലെസ്സ് പട്ടയങ്ങൾ, 65 ലക്ഷംവീട് പട്ടയങ്ങൾ, വടക്കേക്കളം ഭൂമിക്കുള്ള 15 പട്ടയങ്ങൾ എന്നിവ ഉൾപ്പെടെയാണ് 1,488 പട്ടയങ്ങൾ വിതരണംചെയ്തത്. വടക്കേക്കളം ഭൂമിക്ക് നികുതി സ്വീകരിക്കുന്നതിനുളള 70 ഉത്തരവുകളും ചടങ്ങിൽ വിതരണംചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. പി.കെ.ശ്രീമതി എം.പി., സി.കൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കളക്ടർ മീർ മുഹമ്മദ് അലി, ഡെപ്യൂട്ടി കളക്ടർമാർ, എ.ഡി.എം. ഇ.മുഹമ്മദ് യൂസഫ്, പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) സി.എം.ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.