കണ്ണൂർ : താവക്കര റെയിൽവേ അടിപ്പാതയിൽ നിയന്ത്രണം വിട്ട് മതിലിനിടിച്ച ലോറിയിൽ ഡ്രൈവർ കുടുങ്ങി. രക്ഷാപ്രവർത്തനത്തിനിടയിൽ അഗ്നിരക്ഷാസേനാംഗത്തിന് പരിക്കേറ്റു.

ഡ്രൈവർ ചങ്ങനാശ്ശേരി മോർത്തോങ്കരയിലെ സുരേഷ് (38) ആണ് ലോറിയിൽ കുടുങ്ങിയത്. അഗ്നിരക്ഷാസേന വിദഗ്ധമായി ഇയാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ഇരുമ്പുകഷ്ണം തെറിച്ച് കണ്ണൂർ അഗ്നിരക്ഷാസേനയിലെ കെ. പ്രിയേഷിന് (37) ആണ് പരിക്കേറ്റത്. സ്വകാര്യ ആസ്പത്രിയിൽ അദ്ദേഹത്തിന് ചെറുശസ്ത്രക്രിയ നടത്തി. ക്ലീനർ അങ്കമാലിയിലെ ലതീഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടം, രക്ഷാപ്രവർത്തനം
ലോറി അപകടത്തിന്റെ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ ഉദ്യോഗസ്ഥനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോവുന്നു
 

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഡൽഹിയിൽനിന്ന്‌ ടൈൽസുമായി വരികയായിരുന്ന ലോറി കണ്ണൂരിലെ ഒരു കടയിൽ ടൈൽസ് ഇറക്കിയശേഷം കോട്ടയ്ക്കലിലേക്ക് പോകാനായി കളക്ടറേറ്റ് ഭാഗത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട് ഡിവൈഡറിലെ വിളക്കുകാൽ തകർത്ത് എതിർവശത്തെ വൺവേയും കടന്ന് മതിലിൽ ഇടിച്ചാണ് നിന്നത്. ഈ സമയം വൺവേയിലൂടെ വന്ന കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ലോറിയുടെ ക്ലച്ചിന്റെ ഇടയിൽ ഇടത്‌ കാൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ സുരേഷ്. വണ്ടിയുടെ കാബിൻ മതിലിനോട് ചേർന്ന് അമർന്ന നിലയിലായിരുന്നു. പെട്ടെന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വണ്ടിയുടെ ഡാഷ് ബോർഡും മുന്നിലെ ഗ്രില്ലിന്റെ കുറച്ചുഭാഗവും മുറിച്ചുമാറ്റി ഡ്രൈവറെ രക്ഷിക്കുകയായിരുന്നു.

പുറത്തുനിന്ന് ഗ്രിൽ ഉയർത്താൻ ശ്രമിക്കുകയായിരുന്ന പ്രിയേഷിന്റെ കണ്ണിൽ ഇതിനിടെയാണ് ഇരുമ്പുകഷ്ണം തറച്ചത്. തളർന്നുപോയ അദ്ദേഹത്തെ സഹപ്രവർത്തകർ ആസ്പത്രിയിലാക്കി.

ജില്ലാ ആസ്പത്രിയിൽ നടത്തിയ പരിശോധനയിൽ സുരേഷിന്റെ കാലിന് കാര്യമായ തകരാറില്ലെന്ന് കണ്ടെത്തി. വൈകീട്ട് ആസ്പത്രി വിട്ട അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ക്രെയിനുപയോഗിച്ച് ലോറി നീക്കം ചെയ്തു.

അസി. ഫയർ ഓഫീസർമാരായ ഇ. ഉണ്ണികൃഷ്ണൻ, എം. വേണു, സീനിയർ ഓഫീസർ ജി. മനോജ്‌കുമാർ, ഓഫീസർമാരായ എം. ജുബിൻ, എൻ.കെ. അഖിൽ, ടി. ഹേമന്ത്, കെ. അബ്ദുൾ ജബ്ബാർ, എ. അമൽ, കെ. ബിജു, ടി. അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മതിലിനിടിച്ച ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു; അഗ്നിരക്ഷാസേനാംഗത്തിന് പരിക്ക്