ചിറ്റാരിപ്പറമ്പ് : പന്നിയെ പിടികൂടാൻ വെച്ച കെണിയിൽ കുരുങ്ങി ഒന്നര മാസമായി ദുരിതമനുഭവിക്കുന്ന തെരുവുനായയെ രക്ഷപ്പെടുത്തി.

പൂവത്തിൻകീഴ് ചുണ്ടിലാണ് സംഭവം. കണ്ണവം വനത്തിൽനിന്ന് വരുന്ന കാട്ടുപന്നിയെ കെണിവെച്ച് പിടിക്കാൻ സ്ഥാപിച്ച കേബിൾ വയർ മുൻകാലിൽ കുരുങ്ങി അവശനിലയായ തെരുവുനായയെയാണ് രക്ഷപ്പെടുത്തിയത്.

ഒന്നര മാസമായി കേബിൾ വയർ കുരുങ്ങിയ നായയുടെ കാൽ മുറിഞ്ഞ് വ്രണമായി മാറിയിരുന്നു. കാലിൽ കുരുങ്ങിയ കേബിൾ വയറുമായി ദയനീയമായ നിലവിളിയോടെ അലയുന്ന നായയെ ഞായറാഴ്ച രാവിലെ ചുണ്ടയിലെ നാട്ടുകാർ പിടികൂടുകയായിരുന്നു. പ്രസാദ് ഫാൻസ് റസ്ക്യൂ അംഗം ചിറ്റാരിപ്പറമ്പ് കോയ്യാറ്റിലെ കെ.ഷിജു സ്ഥലതെത്തിയാണ് നായയെ രക്ഷപ്പെടുത്തിയത്.

നാട്ടുകാരുടെ സഹയത്തോടെ നായയെ പിടിച്ചുകെട്ടി, മുറുകിയ കേബിൾ ഷിജു കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. കേബിൾ മുറുകിയ ഭാഗത്തെ എല്ല് പുറത്തുകാണാമായിരുന്നു. മരുന്ന് വെച്ച് കെട്ടിയശേഷമാണ് നായയെ വിട്ടയച്ചത്.