നടുവിൽ: കേബിളിടാൻ കുഴിയെടുത്തതോടെ കുടിയാന്മല ഭാഗത്ത് ബി.എസ്.എൻ.എല്ലിന്റെ ലാൻഡ് ഫോണുകൾ നിശ്ചലമായി. സ്വകാര്യ കമ്പനിക്ക് കേബിളിടുന്നതിനാണ് മണ്ണ് നീക്കുന്നത്. ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുക്കുന്നതിനാൽ കുഴിക്ക് വലിയ ആഴമുണ്ട്. നേരത്തെ ഇട്ടിരുന്ന ബി.എസ്.എൻ.എൽ. കേബിളുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടനിലയിലാണ്.

കരുവഞ്ചാലിൽനിന്ന് കുടിയാന്മലവരെയാണ് പണിനടക്കുന്നത്. റോഡരികിൽ മണ്ണ് കോരിയിട്ടതിനെതുടർന്ന് ഗതാഗത തടസ്സവുമുണ്ട്. പാടെ തകർന്ന കരുവഞ്ചാൽ-വെള്ളാട് റോഡ് ചെളി കെട്ടിനിൽക്കുന്ന അവസ്ഥയിലാണുള്ളത്. വെള്ളാട് ടൗൺ, കണ്ടത്തിൽ പീടിക, പള്ളിക്കവല തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് അരിക് കൊടുക്കാനും കഴിയുന്നില്ല. ലൈനുകൾ ശരിയാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കുടിയാൻമല യൂണിറ്റ് ആവശ്യപ്പെട്ടു.