ധർമശാല : ധർമശാലയിൽ സൗജന്യമായി ദാഹനീര് വിതരണം ചെയ്തിരുന്ന തണ്ണീർ പന്തൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചരിത്രത്തിന്റെ ഭാഗമാകും. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തണ്ണീർ പന്തൽ കെട്ടിടം പൂർണമായി പൊളിച്ച് നീക്കും.

പഴയ ബുദ്ധമതകേന്ദ്രമായിരുന്നു ധർമശാല എന്നതിന് നിരവധി പഴമയുടെ ശേഷിപ്പുകൾ ഇപ്പോഴും ബാക്കിയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടാതാണ് തണ്ണീർ പന്തൽ. ഇതിന്റെ സമീപത്തുതന്നെ ബുദ്ധമതശേഷിപ്പിന്റെ സൂചകമായ കുളവും ഓർമയാകും. ഈ കുളം പഴയകാലത്ത് നിരവധിപേർക്ക് പ്രാഥമികകൃത്യം നിർവഹിക്കാനുള്ള കേന്ദ്രമായിരുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് വിശാലമായ മാങ്ങാട്ടുപറമ്പിൽ പൊരിവെയിലിൽ നടന്നുനീങ്ങുന്നവർക്ക് ആശ്വാസം പകർന്ന് തണ്ണീർപ്പന്തൽ സ്ഥിതിചെയ്തിരുന്നതായി ചരിത്രരേഖകളിൽ പറയുന്നുണ്ട്. വിശാലമായ മാങ്ങാട്ടുപറമ്പ് മേഖലയാകെ പാറക്കെട്ടുകളും ചെങ്കൽപ്പണകളും ചേർന്ന പ്രദേശമായിരുന്നു. ഇന്നത്തെ ദേശീയപാതയും പഴമയുടെ കാലത്തുതന്നെ രാജവീഥിയായിരുന്നു. വഴിയിലൂടെ പൊരിവെയിലിൽ നടന്ന് മൈലുകൾ താണ്ടുന്നവർക്കും ചെങ്കൽപ്പണകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും തണ്ണീർപന്തലിൽനിന്നുള്ള കുടിനീർ വലിയ ആശ്വാസമായിരുന്നു.

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ പി.എം.കുഞ്ഞിരാമൻ മടയൻ ചുമതലയേറ്റെടുത്ത 1964-ലാണ് തണ്ണീർ പന്തൽ പരിഷ്കരിച്ചത്. തുടർന്ന് വേനൽക്കാലത്ത് മുഴുവൻ ദിവസങ്ങളിലും പന്തലിൽനിന്ന് സംഭാരം നൽകിയിരുന്നു. മടപ്പുരയുടെ കീഴിൽ ഇന്നത്തെ തണ്ണീർ പന്തൽ പരിഷ്കരിച്ച് പുനർനിർമിച്ചത് 20 വർഷം മുൻപാണ്.

പറശ്ശിനി മടപ്പുരയിലെത്തുന്ന എല്ലാവർക്കും അന്നദാനവും ചായയും പ്രസാദവും നൽകുന്നതോടൊപ്പംതന്നെ ധർമശാലയിൽനിന്ന് ദാഹിച്ച് വലയുന്നവർക്ക്‌ തണ്ണീരും നൽകിയത് മഹത്തായ ദാനധർമത്തിന്റെ ഉത്തമദൃഷ്ടാന്തമായാണ് കാണുന്നത്. പഴയകാലത്ത് മഹാഭൂരിഭാഗം തീർഥാടകരും മുത്തപ്പൻസന്നിധിയിൽ ധർമശാല വഴിയാണ് എത്തിയിരുന്നത്.

ആന്തൂർ നഗരസഭയുടെ ആസ്ഥാനമായ ധർമശാലയ്ക്ക് നിരവധി ധർമകേന്ദ്രങ്ങളുടെ ചരിത്രം പറയാനുണ്ട്. ഹിമാചൽപ്രദേശിലെ ധർമശാല ബുദ്ധമത ആത്മീയ ആചാര്യൻ ദലൈലാമയുടെ സങ്കേതമാണ്. ദാനധർമങ്ങളുടെ പെരുമയിൽ ഉയർന്ന പ്രദേശത്തിന്റെ അതേ മാതൃകയും പൈതൃകവും ആയിരിക്കാം ജില്ലയിലെ ധർമശാലയുടെ പേരിന് അടിസ്ഥാനമെന്നാണ് പല ചരിത്രാന്വേഷകരും ചൂണ്ടിക്കാണിക്കുന്നത്. തണ്ണീർപന്തലിന് സമീപം തന്നെ ധർമക്കിണറുമുള്ളത് മറ്റൊരു ചരിത്രശേഷിപ്പാണ്. ബുദ്ധമതത്തിന്റെ സ്വാധീനം പഴയ കാലത്തും ധർമശാലയ്ക്കുണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാവുന്ന പൈതൃകസൂചകങ്ങളാണ് ധർമശാലയിൽ ബാക്കിയായത്.

Content Highlights: Dharamshala's heritage water supply store will be dismantled