കരിവെള്ളൂർ: കൊഞ്ഞാറ്, കുളുത്ത് പോലുള്ള നാടൻ പദങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കാതിരിക്കുകയും രചനകളിൽ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നത് ഇന്നത്തെ സാഹിത്യകാരന്മാരുടെ ഫാഷനായി മാറിയിരിക്കുകയാണെന്ന് സാഹിത്യകാരൻ സി.വി.ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി കരിവെള്ളൂർ ഏവൺ ക്ലബ്ബുമായി ചേർന്ന് നടത്തിയ യുവകഥാകാരന്മാരുടെ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രചനകളിൽ കൂടുതൽ നാടൻ പദങ്ങൾ ഉപയോഗിക്കുന്നത് ആശാസ്യമല്ല. ലോകത്തിലെ മുഴുവൻ ആളുകൾക്കും വായിക്കുന്നതിന് വേണ്ടിയാണ് സാഹിത്യരചനകൾ എന്നതിനാൽ രചനകളിൽ നാട്ടുഭാഷ കുറയ്ക്കുന്നതാണ് അഭികാമ്യമെന്നും എ.വി.സന്തോഷ് കുമാറും ക്യാമ്പംഗങ്ങളുമായി നടത്തിയ സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു.

മുപ്പതോളം സാഹിത്യകാരന്മാർ മൂന്നുദിവസത്തെ ക്യാമ്പിൽ അനുഭവങ്ങൾ പങ്കുവെച്ചു.

കണ്ണൂർ-കാസർകോട് ജില്ലകളിലെ അൻപതോളം യുവസാഹിത്യകാരന്മാരാണ് ക്യാമ്പിൽ പങ്കെടുത്തത്. പത്തോളം പേർ ക്യാമ്പിൽ സ്വന്തം കഥകൾ അവതരിപ്പിച്ചു. സമാപനദിവസം കഥയും രൂപവും എന്ന വിഷയത്തിൽ എൻ.ശശിധരനും കഥ, കാലം, വിമോചനം എന്ന വിഷയത്തിൽ പി.സോനയും പ്രഭാഷണം നടത്തി. കഥയെഴുത്തിൽ എന്റെ ജീവിതം എന്ന വിഷയത്തിൽ പ്രകാശൻ കരിവെള്ളൂർ, ഹരിദാസ് കരിവെള്ളൂർ, ജിസാ ജോസ്, എം.കെ.മനോഹരൻ, ദാമോദരൻ കുളപ്പുറം, കെ.ടി.ബാബുരാജ്, കെ.കെ.രമേഷ് എന്നിവർ പ്രസംഗിച്ചു.

ക്യാമ്പംഗങ്ങൾക്ക് കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡന്റ് എം.രാഘവൻ സാക്ഷ്യപത്രം വിതരണം ചെയ്തു. പി.സി.ഗോപിനാഥൻ സ്വാഗതവും എം.എ.ഭാസ്കരൻ നന്ദിയും പറഞ്ഞു.