തലശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തിന് തലശ്ശേരിയിൽ പ്രൗഡഗംഭീരമായ തുടക്കം. സ്വാതന്ത്ര്യസമര പോരാളിയും സി.പി.എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.എച്ച്. കണാരന്റെ ഓർമപുതുക്കുന്ന ദിനത്തിലാണ് നൂറാം വാർഷികാഘോഷത്തിന് തുടക്കമായത്. സി.എച്ചിനുള്ള ആദരംകൂടിയായി തലശ്ശേരിയിൽ ഞായറാഴ്ച നടന്ന സെമിനാർ. സി.എച്ചിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനത്തിനെത്തിയത്. പ്രമുഖ നേതാക്കൾ പങ്കെടുത്ത സെമിനാറിൽ ധനമന്ത്രി തോമസ്‌ ഐസക്, ഡോ. കെ.എൻ.ഗണേഷ് എന്നിവർ വിവിധ വിഷയത്തിൽ സംസാരിച്ചു.

പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രവും സി.പി.എം. തലശ്ശേരി എരിയാ കമ്മിറ്റിയുമാണ് സെമിനാർ സംഘടിപ്പിച്ചത്. വൊളന്റിയർ മാർച്ചിനും ബഹുജന പ്രകടനത്തിനും ശേഷം നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ചാറ്റൽമഴയെ വകവെയ്ക്കാതെ ആയിരങ്ങളാണ് പൊതുസമ്മേളനത്തിനെത്തിയത്.