ഉളിക്കൽ: ‘‘എന്നെ നോക്കണ്ട, എങ്ങനെയെങ്കിലും ചേട്ടായിയെ രക്ഷിക്ക്’’-മൺപാതയ്ക്കരികിൽ അർധബോധാവസ്ഥയിൽ കിടന്ന ജിനി വിളിച്ചുപറഞ്ഞു, തന്നെ രക്ഷിക്കാനെത്തിയവരോട്. കാട്ടാനയിറങ്ങിയ വിവരമറിഞ്ഞ് ഞായറാഴ്ച പുലർച്ചെ തിരച്ചിലിനിറങ്ങിയതായിരുന്നു പെരിങ്കരിയിലെ നാട്ടുകാർ. ഇതുവരെ ആനയിറങ്ങാത്ത പ്രദേശമാണ്. ആ ഭയവുമുണ്ടായിരുന്നു. പക്ഷേ അവർക്ക് കാണേണ്ടിവന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചയാണ്.

‘‘രാവിലെ ആറര കഴിഞ്ഞിട്ടുണ്ടാകും. വെളിച്ചം വീണുതുടങ്ങിയതേയുള്ളൂ. ഞങ്ങൾ ഇടവഴികൾ നോക്കി വരികയായിരുന്നു. പെട്ടെന്നാണ് ദൂരെ ബൈക്ക് തകർന്നുകിടക്കുന്നത് കണ്ടത്. ജസ്റ്റിൻ ഉപയോഗിക്കുന്നതാണത്. ഓടിയെത്തിയപ്പോൾ കണ്ടത് രണ്ടോ മൂന്നോ മീറ്റർ അകലെ പാറയോടുചേർന്ന്‌ ചെരിഞ്ഞുകിടക്കുന്ന ജിനിയെ ആണ്. അടുത്തെങ്ങും ജസ്റ്റിനില്ല. തേക്കിൻതൈകൾ നട്ട, ചെറിയ ഇറക്കമുള്ള പറമ്പാണ്. അവിടെ തിരഞ്ഞപ്പോഴാണ് മൺപാതയിൽനിന്ന് 20 മീറ്ററോളം അകലെ ജസ്റ്റിൻ ചലനമറ്റ് കിടക്കുന്നത് കണ്ടത്‌’’-തിരച്ചിൽ സംഘത്തിലുണ്ടായിരുന്ന തെള്ളിയിൽ ജിജോയും സഹോദരൻ ജിന്റോയും പറയുന്നു.

ജസ്റ്റിന്റെ ദേഹമാകെ ചെളി പുരണ്ടിരിക്കുന്നു. വലതുകവിളിൽ ചതച്ചുകളഞ്ഞതുപോലുള്ള മുറിവ്. നെഞ്ചിനുതാഴെ ഇരുവശവും കുത്തിക്കീറിയ നിലയിൽ. കഴുത്തിനും മുറിവുണ്ട്. ഉടൻ വാരിയെടുത്തു. ചെറിയ നാഡിമിടിപ്പുണ്ടായിരുന്നു. ബഹളംകേട്ട് തൊട്ടടുത്തുള്ള അഭിലാഷും വിഷ്ണുവും മറ്റും ഓടിവന്നു. ഒരാൾ കാർ കൊണ്ടുവന്നു. ജസ്റ്റിനെ മുൻസീറ്റിലിരുത്തി ജിൻസിയെ പിൻസീറ്റിൽ അയൽവാസിയുടെ മടിയിൽക്കിടത്തി. 10 കിലോമീറ്റർ അകലെയുള്ള ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് പാഞ്ഞു. ഏഴരയോടെ ആസ്പത്രിയിലെത്തിയെങ്കിലും കണ്ണൂരിലേക്ക് പോകാനായിരുന്നു നിർദേശം. എട്ടരയോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിയെങ്കിലും ജസ്റ്റിൻ മരിച്ചിരുന്നു. സാധാരണ നില കൈവരിച്ച ജിനി അപ്പോഴും ജസ്റ്റിനെ തിരഞ്ഞു. മറ്റൊരു ആസ്പത്രിയിലുണ്ടെന്ന് കൂടെയുള്ളവർ ആശ്വസിപ്പിച്ചു.

ആറുമാസം മുൻപാണ് ജസ്റ്റിനും കുടുംബവും മേലേ പെരിങ്കരിയിലെ വീട്ടിലേക്ക് താമസം മാറിയത്. കോവിഡായതിനാൽ കുട്ടികളെ പള്ളിയിൽ കൊണ്ടുപോകാൻ വിലക്കുണ്ടായിരുന്നു. അതിനാൽ മക്കളെ തൊട്ടടുത്ത വീട്ടിലേൽപ്പിച്ചാണ് പോയത്. അവരെയും കൂട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ ദുരന്തവ്യാപ്തി കൂടിയേനെ.

പെരിങ്കരിയിൽ ആനയിറങ്ങിയ വിവരം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പക്ഷേ മൊബൈൽ നോക്കാഞ്ഞതിനാൽ വിവരം ജെസ്റ്റിൻ അറിഞ്ഞില്ല. തേക്കിൻതോട്ടത്തിലേക്ക് തെറിച്ചുവീണ ജസ്റ്റിനെ വീണ്ടും ആന കുത്തിയതായി കരുതുന്നു. ഇവിടം രക്തം തളംകെട്ടി കിടപ്പുണ്ട്. തേക്കിൻതൈകൾ മറിഞ്ഞുവീണ നിലയിലാണ്.

തേക്കിൻതോട്ടത്തിൽ ജസ്റ്റിനെ കണ്ടെത്തിയ സ്ഥലത്ത് രക്തം കട്ടപിടിച്ച നിലയിൽ