കാടിറങ്ങിയ ക്രൗര്യം
മണ്ണ് മാന്തി യന്ത്രം അക്രമിക്കുന്നതിനിടെ
പൊട്ടിപോയകൊമ്പന്റെ കൊമ്പ് വനപാലക
സംഘം കസ്റ്റഡിയിൽ എടുത്തപ്പോൾ

ഇരിട്ടി: പായം, ഉളിക്കൽ പഞ്ചായത്തുകളിലെ ജനവാസ മേഖലയായ, മട്ടിണി, പെരിങ്കരി, പേരട്ട ഗ്രാമങ്ങളെ ഞായറാഴ്ച പുലർച്ചെ കാട്ടാന മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. ഇതുവരെ കാട്ടാന ശല്യം ഉണ്ടാകാത്ത പ്രദേശത്താണ് ഒരു ചെറുപ്പാക്കാരന്റെ ജീവൻ അത്‌ കവർന്നത്. ഒരു ബൈക്കിനും ഓട്ടോറിക്ഷക്കും ടിപ്പർ ലോറിക്കും ഒരു മണ്ണ് മാന്തി യന്ത്രത്തിനുമെതിരെ അരിശം തീർത്തായിരുന്നു കൊമ്പന്റെ യാത്ര. പരാക്രമത്തിനിടയിൽ ഒരു കൊമ്പും നഷ്ടപ്പെടുത്തിയാണ് അത് കുടക് മലനിരകളിലേക്ക് മടങ്ങിയത്.

ഞായറാഴ്ച പുലർച്ചെ നാലോടെ ഉളിക്കൽ പഞ്ചായത്തിലെ എരുതുകടവിൽ ചിലർ ആനയെ കണ്ടിരുന്നു. ഇവർ ഉളിക്കൽ പോലീസിനെ അറിയിച്ചു. പോലീസ് തളിപ്പറമ്പ് വനം വകുപ്പ് അധികൃതർക്ക് വിവരം കൈമാറി. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സംഘം അഞ്ചുമണിക്ക് സ്ഥലത്ത് എത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. കേയാപ്പറമ്പിൽ പ്രഭാത നടത്തത്തിനിറങ്ങിയ ചിലരുടെ ശ്രദ്ധയിലും ആന പെട്ടു. ഇവർ മുഖേനയും വിവരം നാട്ടിൽ പരന്നെങ്കിലും അതിവേഗത്തിലുള്ള ആനയുടെ സഞ്ചാരപാത കണ്ടെത്താനായില്ല. പെരിങ്കരി ഭാഗത്തേക്ക് നീങ്ങിയ ആനയുടെ പിടിയിൽനിന്ന്‌ പാൽ വാങ്ങാനിറങ്ങിയ രണ്ട് സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.

ഇതോടെ ആനയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി. മേലെ പെരിങ്കരിയിൽ കുന്നിന് മുകളിൽ ജസ്റ്റിന്റെ ഒറ്റപ്പെട്ട വീടിന്റെ പരിസരത്തേക്ക് ആന നീങ്ങി. ഈ സമയമാണ് ജസ്റ്റിൻ ഭാര്യക്കൊപ്പം പള്ളിയിലേക്ക് ഇറങ്ങിയതും ആക്രമണത്തിന് ഇരയായതും. ബുള്ളറ്റിന്റെ ശബ്ദത്തിൽ ആനയുടെ സാമീപ്യം ജസ്റ്റിന് മനസ്സിലായില്ലെന്ന് കരുതുന്നു.

ഇവരെ അക്രമിച്ച ശേഷം ഞൊടിയിടയിൽ മലയിറങ്ങി പെരിങ്കരി ടൗണിൽ എത്തിയ ആന അവിടെ ഉണ്ടായിരുന്ന സിഗ്നൽ ബോർഡ് തകർത്തു. അവിടെനിന്ന്‌ മലയോര ഹൈവെ കടന്ന് നിരങ്ങം ചെറ്റ ഭാഗത്തേക്ക് നീങ്ങിയ ആന അരിശം തീർത്തത് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയും ബൈക്കും കണ്ടെയ്‌നർ ലോറിയും ആക്രമിച്ചാണ്‌. റോഡിരികിൽ നിർത്തിയിട്ട മട്ടിണിയിലെ പാറവിള താഴത്ത്‌ റോബിന്റെ ജെ.സി.ബി.യിൽ കുത്തി ആനയുടെ കൊമ്പൊടിഞ്ഞിരുന്നു. കൊമ്പ്‌ വനംവകുപ്പ്‌ അധികൃതരുടെ കസ്റ്റഡിയിലാണ്‌.

അവിടെനിന്ന്‌ മട്ടിണിയിൽ എത്തിയ ആന ടാപ്പിങ് തൊഴിലാളി മൂലയിൽ ഡെന്നി, തൊമ്മിക്കാട്ടിൽ ഷാജി എന്നിവർക്ക് നേരേ നീങ്ങിയെങ്കിലും അവർ കഷ്ടിച്ച് രക്ഷപ്പെട്ടു. മട്ടിണിയിൽനിന്ന്‌ പേരട്ടയിൽ എത്തിയ ആന കൂട്ടപുഴ റോഡിലേക്ക് തിരിഞ്ഞ് പള്ളിയുടെ ഗേറ്റും തകർത്ത് അതുവഴി പേരട്ട പുഴ കടന്ന മാക്കൂട്ടം വനത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരും ഇരിട്ടി ഇൻസ്പെക്ടർ കെ.ജെ.ബിനോയുടെ നേതൃത്വത്തിൽ പോലീസും മുന്നറിയിപ്പുമായി കൂടെ ഉണ്ടായിരുന്നു.