കണ്ണൂർ: സാനിറ്റൈസറിന്റെ ഗന്ധമുള്ള കൊറോണ വാർഡിൽ സാന്ത്വനത്തിന്റെ മരുന്ന് പുരട്ടുകയാണ് ഡോക്ടർമാർ. മുഖാവരണത്തിനുമേലെ പിടയ്ക്കുന്ന 20 പേരുടെ കണ്ണുകൾ അവർക്ക് കാണാം. ജില്ലാ ആസ്പത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നന്മമുഖങ്ങൾ നേരിൽ കാണില്ല. എന്നാൽ, അവരുടെ നല്ലമനസ്സ് ഓരോ പ്രവൃത്തിയിലും കാണാം.ഫെബ്രുവരി മൂന്നു മുതൽ കൊറോണ വാർഡ് വീടാക്കിയ കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഫിസിഷ്യനും നോഡൽ ഓഫീസറുമായ ഡോ. എൻ.അഭിലാഷ്, ഡോ. ലത, ഡോ. ഗ്രീഷ്മ എന്നിവരുടെ ഒരുദിവസത്തിലൂടെ...(41 ദിവസമായി ഇവർ മൂന്ന് പേരാണ് വാർഡിൽ ജോലി ചെയ്യുന്നത്).

വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ആദ്യ കൊറോണ വാർഡിന് പുറത്ത് ഡ്യൂട്ടി നഴ്‌സുമാരോട് അന്വേഷണം. കേസ് ഷീറ്റ് പരിശോധന. ഉള്ളിലുള്ളവരുടെ രോഗവിവരം തിരക്കൽ.

ഡോനിങ് റൂം

കൈയിലെ മൊബൈൽ, വാച്ച്, ആഭരണങ്ങൾ, കണ്ണട അടക്കം എല്ലാ സാധനങ്ങളും ഷെൽഫിലേക്ക്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കൈ കഴുകും. പേഴ്‌സണൽ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്(പി.പി.ഇ.) കിറ്റ് ധരിക്കലാണിനി. സഹായിക്കാൻ ഒരാൾ ഈ മുറിയിലുണ്ട്. അവരും ഈ കിറ്റ് ധരിച്ചിരിക്കും. ഇട്ട വസ്ത്രത്തിന് മുകളിൽ കൈയുറ, മാസ്ക്, കണ്ണട, പാന്റ്‌സ്, ഗൗൺ അടക്കമുള്ള കിറ്റ് കൃത്യമായ രീതിയിൽ ഉണ്ടോ എന്ന് പരിശോധിച്ച് ഇറങ്ങും.

കൊറോണ വാർഡിലേക്ക്

നിശ്ചിത അകലം പാലിച്ച്‌ ബെഡുകൾ. ആകാംക്ഷയുടെ കണ്ണുകൾ കാണാം. 20 പേരാണ് ഇപ്പോൾ ഉള്ളത്. കൈകൊണ്ട് വിഷ് ചെയ്യും. ചുമ, പനി, കഫക്കെട്ട്, ജലദോഷം തുടങ്ങിയവ പരിശോധിച്ച് മരുന്ന് നൽകും. മാസ്‌ക് കൃത്യമായി ധരിക്കാനും സാനിറ്റൈസർകൊണ്ട് കഴുകാനും അവർ കാണിക്കുന്ന ജാഗ്രതയെ അഭിനന്ദിക്കും. രണ്ടാം വാർഡിലെ പരിശോധനയും തീർന്നാൽ അടുത്തത് സാമ്പിൾ എടുക്കലാണ്.

സാമ്പിൾ എടുക്കൽ

സ്റ്റെതസ്‌കോപ്പ് അടക്കമുള്ളവ ഉള്ളിൽ ക്രമീകരിച്ചിട്ടുണ്ടാകും. ഏറ്റവും ശ്രദ്ധ വേണ്ട പ്രവൃത്തിയാണിത്. തൊണ്ടയിൽനിന്നും മൂക്കിൽനിന്നുമാണ് സ്രവം എടുക്കുക. നിരീക്ഷണത്തിലുള്ളവർ ശ്രദ്ധാപൂർവം ഇരിക്കും. എന്നാൽ, ഇതിനിടയിൽ തുമ്മുകയോ മറ്റോ ചെയ്യുമ്പോൾ സ്രവം തെറിക്കും. അതിനാൽ വളരെ ശ്രദ്ധയോടെയാണ് ഈ പ്രവൃത്തി. സാമ്പിൾ ഹെൽത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ട്രിപ്പിൾ ലെയർ പാക്കിങ് നടത്തും. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് അയക്കുന്നത്.

ടോഫിങ് റൂം

ഐസൊലേഷൻ വാർഡിൽനിന്ന് ടോഫിങ് മുറിയിലേക്ക്. അവിടെവെച്ച് പി.പി.ഇ. കിറ്റ് അഴിക്കും.

കൃത്യമായി ഇവ ഓരോന്നായി അഴിക്കണം. അത് സുരക്ഷിത കവറിൽ നിക്ഷേപിക്കും.

സാനിറ്റൈസർ ഉപയോഗിച്ച് കൃത്യമായി കഴുകും. എന്തെങ്കിലും അസ്വാഭാവികത തോന്നുകയാണെങ്കിൽ കുളിച്ച് വസ്ത്രം മാറ്റും.

അല്പം ഭക്ഷണം

സുരക്ഷാ കിറ്റ് മാറ്റി ആഹാരത്തിനുമുന്നിലിരിക്കുമ്പോൾ വിശപ്പ് വിളിക്കില്ല. അല്പം കഴിച്ച് എഴുന്നേൽക്കും. പരിചിതമെങ്കിലും ഇപ്പോൾ ഹാൻഡ് സാനിറ്റൈസറിന്റെ ഗന്ധമാണ് എപ്പോഴും.

വീണ്ടും വാർഡിലേക്ക്

വീണ്ടും പി.പി.ഇ. കിറ്റ് ധരിക്കൽ, പരിശോധന. മുഖാവരണവും വസ്ത്രവും ബെഡ്ഷീറ്റുമടക്കമുള്ളവ മാറ്റുന്ന നഴ്‌സുമാരുമായി ചർച്ച.

ടോഫിങ് റൂം

അടുത്ത ഡ്യൂട്ടി മാറ്റം.

വീട്ടിലേക്ക്

കോളുകളിൽ എപ്പോഴും ലൈനിൽ തുടരും.

Content Highlights: corona virus-a day of doctors