കണ്ണൂർ: സ്കൂൾ പാചകത്തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കുന്ന തൊഴിലാളികൾ സേവന വ്യവസ്ഥകൾ പോലുമില്ലാതെയാണ് ജോലി ചെയ്യുന്നത്. സ്കൂളുകളിൽ പ്രഭാതഭക്ഷണം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ 500 വിദ്യാർഥികൾക്ക്‌ ഒന്ന് എന്ന അനുപാതം 250 കുട്ടികൾക്ക് ഒന്ന് എന്ന നിലയിൽ പുനർ നിശ്ചയിക്കണം. ഇതുവഴി ജോലിഭാരം കുറയ്ക്കണം. പാർട്ട് ടൈം ജീവനക്കാരായി അവരെ അംഗീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വി.പി.കുഞ്ഞികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ചു. ഒ.ബിന്ദു, സി.രവീന്ദ്രൻ, പി.രാമകൃഷ്ണൻ, വി.വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ലീല (പ്രസി.), കെ.വി.ദേവി (സെക്ര.), സി.രവീന്ദ്രൻ (ഖജാ.).