ഇരിട്ടി: ഇരിട്ടി പാലത്തിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി. ഗതാഗതനിയന്ത്രണം ലംഘിച്ച് പാലത്തിലേക്ക് പാഞ്ഞുകയറിയ ലോറി പാലത്തിന്റെ മേൽക്കൂരയിലിടിച്ച് പാലത്തിനുള്ളിൽ ഒരുമണിക്കൂർ കുടുങ്ങിക്കിടന്നു. ഇതോടെ ഇരുചക്രവാഹനങ്ങൾ ഒഴിച്ച് മാറ്റൊരു വാഹനവും പാലത്തിലൂടെ കടക്കാതെയായി. ഇരിട്ടി-വീരാജ്‌പേട്ട സംസ്ഥാനാന്തരപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

പാലത്തിന്റെ ഇരുഭാഗങ്ങളിലും നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടന്നു. സ്കൂളുകളും കോളേജുകളും വിട്ട സമയമായതിനാൽ നഗരം യാത്രക്കാരെക്കൊണ്ട് വീർപ്പുമുട്ടി. ഒരുമാസം മുമ്പും ഇത്തരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.

കാലപ്പഴക്കത്തിന്റെ തകർച്ച നേരിടുന്ന ഇരിട്ടി പാലത്തിൽ 12 ടണ്ണിലധികം ഭാരമുള്ള വാഹനം കടന്നുപോകരുതെന്ന് ഉത്തരവുണ്ട് . ഇതുറപ്പാക്കാൻ ഇരുവശത്തും ഹോംഗാർഡിനെയും നിയോഗിക്കുന്നതാണ്. പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചതോടെ പഴയ പാലത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെയാണ് ഗതാഗതം. പുതിയ പാലത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങവെ, പഴയ പാലത്തെ കൂടുതൽ അപകടപ്പെടുത്തുന്നരീതിയിലാണ് വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത്. മിക്ക സമയങ്ങളിലും ഹോംഗാർഡിനെ അനുസരിക്കാൻ പലരും തയ്യാറാകുന്നില്ല. അന്തസ്സംസ്ഥാനപാതയായതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം മനസ്സിലാക്കാനുള്ള സിഗ്നൽ ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. ബുധനാഴ്ചയും കണ്ടെയ്‌നർ ലോറി നിയന്ത്രണങ്ങൾ ഒന്നും അറിയാതെ പാലത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇരിട്ടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിലെത്തിയ സംഘം ലോറി പതുക്കെ പിറകിലോട്ടെടുത്താണ് പാലത്തിൽനിന്ന്‌ നീക്കിയത്.