ചിറ്റാരിപ്പറമ്പ്: കനത്തമഴയിൽ കടപുഴകി പുഴയിൽവീണ വലിയമരം ഒഴുകിയെത്തിയത് മുടപ്പത്തൂർ പുഴയിലെ റഗുലേറ്ററിന് ഭീഷണിയായി.

കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ പുഴകൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെയാണ് പുഴക്കരയിലെ മരങ്ങൾ കടപുഴകി വീണ് പുഴയിൽക്കൂടി ഒഴുകാൻ തുടങ്ങിയത്. കഴിഞ്ഞദിവസം ഒഴുകിയെത്തിയ വലിയമരമാണ് അപകടകരമായി മുടപ്പത്തൂർ റഹുലേറ്ററിൽ തട്ടിനിൽക്കുന്നത്.

മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ വേർതിരിക്കുന്ന മുടപ്പത്തൂർ പുഴയ്ക്ക് നിർമിച്ചതാണ് റഗുലേറ്റർ. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനുവേണ്ടിയാണ് ചെറുകിട ജലസേചന വകുപ്പ് ഒരുകോടി 35 ലക്ഷം രൂപ ചെലവിട്ട് റഗുലേറ്റർ സ്ഥാപിച്ചത്.

റഗുലേറ്ററിൽക്കൂടി വെള്ളമൊഴുകുന്ന ഭാഗങ്ങളിൽ തടസ്സങ്ങൾ ഉണ്ടായതോടെ കുത്തിയൊലിച്ചുവരുന്ന വെള്ളം പുഴയുടെ ഇരുവശങ്ങളിലും ഇടിച്ച് മൺതിട്ടകൾ ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. റഗുലേറ്ററിന് മുകളിൽ മരം കുടുങ്ങിയ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.