കണ്ണൂർ : കോവിഡ് കാലത്ത് വെറുതേ വീട്ടിലിരിക്കുന്നതിന്റെ വിരസതയൊന്നും കുയിലൂരിലെ ‘ഗോകുല’ത്തിൽ ഗോകുൽ സുധാകർ അനുഭവിച്ചിട്ടില്ല. വെറുതേ വീട്ടിലിരിക്കുമ്പോഴും തോട്ടത്തിൽ പശുക്കളെ മേയ്ക്കാൻ പോകുമ്പോഴും അവന്റെ പിന്നാലെ ‘ചിന്നു’വും ‘മിന്നു’വുമുണ്ടാവും. അവന്റെ കൂടെ ഭക്ഷണം കഴിക്കാനും ഈ സുന്ദരികളെത്തും. സന്ധ്യ കഴിഞ്ഞാൽ വീട്ടിന് സമീപത്തെ റബ്ബർമരത്തിൽ പറന്നുചെന്ന് പതിവുസ്ഥലത്ത് ചേക്കേറും. രാവിലെ കൃത്യം ആറരയ്ക്ക് ഇവർ രണ്ടുപേരും വീണ്ടുമെത്തും. ആ സമയത്ത് വാതിൽ തുറന്നില്ലെങ്കിൽ കതകിൽ കൊത്തിയും ചിറകിട്ടടിച്ചും ബഹളമുണ്ടാക്കും. പതിവുപോലെ അൽപ്പം കോഴിത്തീറ്റയോ പഴമോ നൽകിയാൽ തോട്ടത്തിലേക്ക് പിൻവാങ്ങും.

ഒരുവർഷം മുമ്പ്, കുഞ്ഞായിരിക്കുമ്പോൾ എങ്ങനെയോ വഴിതെറ്റി വീട്ടിലെ ടർക്കിക്കോഴിക്കുഞ്ഞുങ്ങളോടൊപ്പം എത്തിപ്പെട്ടതാണ് ഈ രണ്ട് മയിൽപ്പേടകൾ. സ്വന്തം കുഞ്ഞിനോടൊപ്പം ഈ മയിൽക്കുഞ്ഞുങ്ങളെയും തള്ളക്കോഴി സംരക്ഷിച്ചു. കുറച്ചുകഴിയുമ്പോൾ മയിൽക്കുഞ്ഞുങ്ങൾ എവിടെയെങ്കിലും പറന്ന് പോയ്‌ക്കൊള്ളുമെന്ന് അവർ കരുതിയെങ്കിലും തെറ്റി. വീട്ടിലെ ഒൻപതാം ക്ലാസുകാരനായ ഗോകുലുമായി ഇവ രണ്ടും കടുത്ത ചങ്ങാത്തം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ‘ചിന്നു’വെന്നും ‘മിന്നു’വെന്നും ഗോകുൽ പേരും നൽകി.

ഗോകുലിന്റെ അച്ഛൻ സുധാകരൻ കൃഷിക്കാരനാണ്. വീട്ടിൽ പശുക്കളെയും പന്നികളെയും കോഴികളെയുമൊക്കെ വളർത്തുന്നുണ്ട്. ഭാര്യ ഗീതയും മകൾ സ്വാതിയുമെല്ലാം ഇവയെ പരിചരിക്കുന്നു. വന്യജീവികളെപ്പോലെ മയിലുകളെ വളർത്തുന്നതും നിയമവിരുദ്ധമാമെന്ന് അറിഞ്ഞതുകൊണ്ടുതന്നെ ഇവയെ ദ്രോഹിക്കുകയോ ഇതിന്റെ സഞ്ചാരത്തിന് തടസ്സമാവുന്ന തരത്തിൽ വീട്ടുകാർ ആരും ഇടപെടുകയോ ചെയ്യുന്നില്ലെന്ന് തൊട്ടടുത്ത വീട്ടുകാരനും ബന്ധുവും വിരമിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുമായ പുത്തലത്ത് നാരായണൻ പറഞ്ഞു.

Content highlights: Chinnu Minnu peacocks, friends of Gokul