ധർമടം: യെദ്യൂരപ്പയ്ക്കെതിരേ ഉയർന്ന 1800 കോടി രൂപയുടെ ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ധർമടത്ത് എൽ.ഡി.എഫ്. ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതീവ ഗൗരവമുള്ള പ്രശ്നമാണ് കർണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്ക്കെതിരേ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം നടക്കണം. ബി.ജെ.പി. നേതാക്കന്മാരോ യദ്യൂരപ്പയോ ആരോപണം നിഷേധിച്ചതുകൊണ്ട് കാര്യമില്ല. അദ്ദേഹത്തിന്റെ കൈയക്ഷരത്തിലുള്ള രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

ഗൗരവമായ പരിശോധന ഇക്കാര്യത്തിൽ നടത്തേണ്ടതുണ്ട്. പക്ഷേ, കേന്ദ്ര സർക്കാരിന്റെ കൈയിലുള്ള ഏജൻസികൾ അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. രാജ്യത്തെ കൊള്ളയടിക്കുന്നവർക്ക് ആവശ്യമായ സഹായവും പരിരക്ഷയും ഇവിടെ കേന്ദ്രം നൽകുന്നു.

കോർപ്പറേറ്റുകളിൽ ചിലർക്ക് വഴിവിട്ട സഹായമാണ് ചെയ്തുകൊടുക്കുന്നത്. പാവപ്പെട്ടവർക്ക് നൽകേണ്ട ചെറിയ സബ്സിഡി പോലും നൽകുന്നില്ല. ഇതേ നിലതന്നെയാണ് കോൺഗ്രസ് ഭരണകാലത്ത് നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നത്.

ഉന്നതമായ രാഷ്ട്രീയ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന എൽ.ഡി.എഫിന്റെ ബദൽ നയങ്ങളിലൂടെയാണ് ഈ മാറ്റം വന്നത്. ഇനിയും മാറാൻ ഉണ്ടാകും. എല്ലാതലങ്ങളിലും മാറ്റം കൊണ്ടുവരാൻ തന്നെയാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് -പിണറായി വിജയൻ പറഞ്ഞു.

കെ.കെ.രാഗേഷ് എം.പി. സംസാരിച്ചു. സി.പി.ഐ. നേതാവ് സി.എൻ.ചന്ദ്രൻ, പി.ബാലൻ, ടി.അനിൽ, കെ.ശശിധരൻ, പണിക്കൻ രാജൻ, പി.എം.പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.