ചെറുപുഴ : കാട്ടാനകളുടെ കടന്നുകയറ്റത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു.

ചെറുപുഴ പഞ്ചായത്തിലെ കാനംവയലിലും ചേന്നാട്ടുകൊല്ലയിലും നാശനഷ്ടമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എം.പി. വന്യമൃഗങ്ങൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. ഇവർക്ക് സംരക്ഷണം നൽകേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബാധ്യതയാണ്. ഇതിൽനിന്ന് മാറിനിൽക്കാൻ സർക്കാരുകൾക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ ടി.വി. കുഞ്ഞമ്പു നായർ, മണ്ഡലം പ്രസിഡന്റ്‌ ഷാജൻ ജോസ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയിസ് പുത്തൻപുര, പഞ്ചായത്തംഗം മനോജ് വടക്കേൽ, കെ. ബാലകൃഷ്ണൻ, മിഥിലാജ് പുളിങ്ങോം, ജയ്സൺ പൂക്കളം, മൈക്കിൾ കുമ്പുക്കൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.