ചെറുകുന്ന്: ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം നവീകരണകലശത്തിനുള്ള ഒരുക്കത്തിലേക്ക്. മാർച്ച് 23-ന് നടക്കുന്ന ആചാര്യവരണത്തോടെ ആരംഭിക്കുന്ന നവീകരണകലശം ഏപ്രിൽ രണ്ടിന് ബ്രഹ്മാദികലശാഭിഷേകത്തോടെ സമാപിക്കും. നവീകരണകലശത്തിന്റെ സമാപനംകുറിച്ച് ഏപ്രിൽ രണ്ടിന് ഒരുദിവസത്തെ ആനപ്പുറത്തുത്സവം ഉണ്ടാവും.
ക്ഷേത്രത്തിലെ രണ്ടാമത്തെ നവീകരണ കലശമാണ് നടക്കുന്നത്. നവീകരണ കലശത്തിന് മുന്നോടിയായി ക്ഷേത്രസങ്കേതത്തിൽ നിരവധി നിർമാണ, നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. ബാലാലയം പുതുക്കിപ്പണിയൽ, താക്കുളം സംരക്ഷണം, ക്ഷേത്ര ചുറ്റമ്പലം,നാലമ്പലം എന്നിവയുടെ അറ്റകുറ്റപ്പണികൾ, കാവിയിടൽ, ക്ഷേത്രം അടുക്കളയുടെ ആധുനികവത്‌കരണം, സമൂഹമഠം പുനർനിർമാണം, എന്നിവയുടെ പ്രവർത്തനമാണ് നടക്കുന്നത്. നവീകരണകലശ ചടങ്ങുകൾക്ക് ഏകദേശം രണ്ടര കോടി രൂപ ചെലവ് വരുമെന്നാണ് സേവാ സമിതി പ്രതീക്ഷിക്കുന്നത്.
ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയിടത്തില്ലത്ത് ഈശാനൻ നമ്പൂതിരിപ്പാടും, ക്ഷേത്ര ട്രസ്റ്റി സി.കെ.രവീന്ദ്ര വർമ രാജയും ചേർന്നാണ് നിർവഹിച്ചിരുന്നത്. ക്ഷേത്ര സേവാസമിതി പ്രസിഡന്റ് എം.വി.വത്സലന്റെയും സെക്രട്ടറി പി.കെ.പദ്‌മനാഭന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നവീകരകകലശത്തിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.