കണ്ണൂർ : കുറ്റാരോപിതരായ നേതാക്കൾ ജില്ലാ നേതൃത്വത്തിൽ വരുന്നതിനെതിരേ മുസ്‌ലിം ലീഗിൽ പ്രതിഷേധമുയരുന്നു. ഇത് സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലാ കമ്മിറ്റിയിൽ മാറ്റമുണ്ടാവാനാണ് സാധ്യത. കഴിഞ്ഞദിവസം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിൽ തളിപ്പറമ്പിൽനിന്നുള്ള അമ്പതോളം നേതാക്കളും പ്രവർത്തകരും ഇരച്ചുകയറി ബഹളംവയ്ക്കുകയും മരവിപ്പിച്ച തളിപ്പറമ്പ് ടൗൺ കമ്മിറ്റി പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരുന്നു. ലീഗിന്റെ ചരിത്രത്തിൽത്തന്നെ ആദ്യ സംഭവമാണിത്. കമ്മിറ്റി പുനഃസ്ഥാപിച്ചുള്ള കത്ത് വാങ്ങിയാണ് പ്രവർത്തകർ പിൻവാങ്ങിയതെന്നറിയുന്നു.

അതോടൊപ്പം വിജിലൻസ് കേസ് ആരോപിക്കക്കപ്പെടുന്ന ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽകരിം ചേലേരി രാജിവെക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ചേലേരിക്കുപുറമേ മണൽക്കടത്തിലും മറ്റും അന്വേഷണം നേരിടുന്ന മറ്റു നേതാക്കളെയും മാറ്റിനിർത്തണമെന്ന് തളിപ്പറമ്പിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനനേതൃത്വത്തിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. നടപടി ഉടൻ ഉണ്ടാവുമെന്നാണ് ഒരുവിഭാഗം പ്രതീക്ഷിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിൽ ലീഗിൽ അസ്വാരസ്യം ഉയർന്നിരുന്നു. കെ.എം. ഷാജിക്കെതിരേ അഴീക്കോട്ടെ യൂത്ത് ലീഗ് നേതാവ് ഔദ്യോഗിക നേതൃത്വത്തിൽതന്നെ വിമർശനം ഉയർത്തിയിരുന്നു. വിഭാഗീയത രൂക്ഷമായത് തളിപ്പറമ്പിലെ പ്രശ്നം കാരണമാണ്.

കണ്ണൂരിൽ യു.ഡി.എഫിന്റെ പരാജയത്തിനുകാരണം കോൺഗ്രസിലെ ഗ്രൂപ്പിസമാണെന്ന് ലീഗ് കണ്ണൂർ ടൗൺ കമ്മിറ്റി യോഗത്തിലുണ്ടായ അഭിപ്രായത്തിൽ കോൺഗ്രസും പ്രതിഷേധത്തിലാണ്. സതീശൻ പാച്ചേനിയെ തോൽപ്പിക്കാൻ സുധാകരന്റെ വലംകൈയായ നേതാവ് പ്രവർത്തിച്ചുവെന്നായിരുന്നു ലീഗിന്റെ ആരോപണം.

തളിപ്പറമ്പിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നേതൃത്വം ഒഴിയണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം ലീഗ് നേതാക്കളും പ്രവർത്തകരും ലീഗ് ജില്ലാ കമ്മിറ്റി ഓഫീസായ ബാഫഖി തങ്ങൾ സൗധത്തിൽ ഇരച്ചുകയറിയത്. മുദ്രാവാക്യം മുഴക്കിയും കസേരകൾ വലിച്ചെറിഞ്ഞും അവർ പ്രകോപനം സൃഷ്ടിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽഖാദർ മൗലവി, അബ്ദുറഹ്‌മാൻ കല്ലായി എന്നിവരെ വളഞ്ഞുവെക്കുകയും ചെയ്തു. ലീഗ് മുഖപത്രമായ 'ചന്ദ്രിക'യുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്യാൻ വിളിച്ചുചേർത്ത യോഗമായിരുന്നു അത്.

മണൽവാരൽ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന അബ്ദുൽ കരിം ചേലേരി, തളിപ്പറമ്പ് മുനിസിപ്പൽ മുൻ ചെയർമാനും ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ മഹമൂദ് അള്ളാംകുളം, ഹാൻവീവ് ഡയറക്ടറായിരുന്ന ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കൊളച്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്തഫ എന്നിവരെ പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ക്രമക്കേട് നടന്നുവെന്ന്‌ പറയപ്പെടുന്ന കമ്പിൽ എൻ.ആർ.ഐ. സൊസൈറ്റി ഡയറക്ടർമാരാണ് ഇവർ.

രൂക്ഷമായ വിഭാഗീയതയെ തുടർന്ന് അടുത്തിടെയാണ് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി മരവിപ്പിച്ചത്. പോഷകസംഘടനകളുടെ കമ്മിറ്റിയും മരവിപ്പിച്ചിരുന്നു. മുഹമ്മദ് അള്ളാംകുളത്തിനെതിരേയുള്ള ഒരു വിഭാഗത്തിന്റെ ചേരിതിരിവിനെ തുടർന്നായിരുന്നു പ്രശ്നങ്ങൾ.

കെ.കെ.മുസ്തഫ രാജിവെച്ചു

: ജില്ലാ മുസ്‌ലിം ലിഗിലെ വിഭാഗീയതയുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രസിഡന്റ്‌ കെ.കെ.മുസ്തഫ രാജിവെച്ചു. എൻ.ആർ.ഐ. സൊസൈറ്റിയുമായി ബന്ധപ്പെട്ട്‌ വിജിലൻസ്‌ അന്വേഷണം സംബന്ധിച്ച പ്രശ്നം ലീഗ്‌ പ്രവർത്തകർതന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ രാജി.

2014-ൽ ഓഡിറ്റ് പരാമർശത്തിൽ വന്ന സൊസൈറ്റി വിഷയം മുൻ​പേ പരിഹരിച്ചിരുന്നു. എട്ടുവർഷത്തിനുശേഷം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ആരോപണം ഉയർത്തി അത്‌ വിജിലൻസ്‌ കേസിലെത്തിച്ചത്‌ പാർട്ടിക്കുള്ളിലെ ഒരു വിഭാഗമാണ്‌.

മുസ്തഫയും കേസിലുൾപ്പെട്ടവരും ലീഗ്‌ ജില്ലാ ഭാരവാഹിത്വത്തിൽ തുടരുന്നതിനെതിരെ കഴിഞ്ഞദിവസം ഒരുവിഭാഗം പ്രവർത്തകർ ലീഗ്‌ ഓഫീസിലെത്തി ബഹളംവെച്ചിരുന്നു.