ചാല: താഴെചൊവ്വ-നടാൽ ബൈപ്പാസിലെ ടാറിങ് പാതിവഴിയിൽ നിർത്തി. ടാറിന്റെ ലഭ്യത കുറഞ്ഞതാണ് റോഡുപണിക്ക് തടസ്സമായത്. മഴയ്ക്കുമുൻപ് റോഡു പണി തീർക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മഴയെത്താറായതോടെ പണി പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് ജനം.

താഴെചൊവ്വ മുതൽ ചാല ബൈപ്പാസ് കവല വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരമാണ് ടാർ ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞവർഷം ചാല മുതൽ നടാൽ വരെയുള്ള റോഡ് മെക്കാഡം ചെയ്തിരുന്നു. ചാലക്കുന്നിലും മറ്റും റോഡ് ഉയർത്തുകയും കുറച്ചുഭാഗം ടാറിടുകയും ചെയ്തു. എന്നാൽ ഭൂരിഭാഗം ജോലികളും ബാക്കിയാണ്. കാലവർഷം ആരംഭിച്ചാൽ റോഡ് തകർന്ന് കുഴിയാവും. ഇത് അപകടങ്ങൾക്കിടയാക്കും. ചാലയിലെ തകർന്നുകിടക്കുന്ന ഡിവൈഡർ മാറ്റിപ്പണിയേണ്ടതുമുണ്ട്. മഴ തുടങ്ങിയാൽ ടാറിങ്ങും അനുബന്ധ ജോലികളും തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.