കണ്ണൂർ: പുതുതലമുറയ്ക്കുള്ള മാർഗനിർദേശവും പരിശീലനവുമാണ് ജില്ലാ ഭരണകൂടമൊരുക്കിയ ‘ടേക്ക് ഓഫ്’. ഞായറാഴ്ച അവിടെ നാല് അതിഥികളെത്തി. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജൻ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.സന്തോഷ്‍കുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവരായിരുന്നു അവർ.

തിളച്ചുമറിയുന്ന രാഷ്ട്രീയമില്ലാതെ നാലുപേരും അവരുടെ രാഷ്ട്രീയജീവിതവും അനുഭവങ്ങളും വിശദീകരിച്ചു. വിദ്യാർഥികളുടെ തീഷ്ണമായ സംശയങ്ങൾക്കും നേതാക്കളുടെ മറുപടിക്കുമിടയിൽ ഒരു മധ്യസ്ഥനായി കളക്ടർ മിർ മുഹമ്മദ്‌ അലി നിലകൊണ്ടു. ഇതോടെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നതായി ഈ സംവാദം.

രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ചായിരുന്നു തുടക്കം. കോൺഗ്രസുകാർ ഇല്ലാതാക്കിയ ജ്യേഷ്ഠന്റെ പോലീസ് ഉദ്യോഗത്തെക്കുറിച്ച് വിവരിച്ചാണ് ജയരാജൻ കമ്യൂണിസ്റ്റായതിനെക്കുറിച്ച് പറഞ്ഞത്.

അച്ഛനും മുത്തച്ഛനും കമ്യൂണിസ്റ്റുകാരായപ്പോൾ കോൺഗ്രസ് പാതയിലേക്ക് ഒറ്റയ്ക്ക് നടന്ന കഥ പാച്ചേനിയും പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള ചെറുത്തുനിൽപ്പ്‌ കണ്ടാണ് രാഷ്ട്രീയക്കാരനായതെന്ന് സത്യപ്രകാശും പറഞ്ഞു.

രണ്ട് മുത്തച്ഛൻമാർ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന പാരമ്പര്യത്തിൽനിന്ന് വന്ന കാര്യം സി.പി.ഐ. നേതാവ് സന്തോഷ്‍കുമാർ വിശദമാക്കി. പിന്നെയും കുറെ ചോദ്യങ്ങൾ. ഇടയ്ക്കാണ് ആ ചോദ്യമുയർന്നത്. രാഷ്ട്രീയം ഒരു തൊഴിലാണോ? ശരിക്കും. പിന്നെ, മറുപടി. തൊഴിലാണെന്ന് ജയരാജൻ, തൊഴിൽ ലാഭം പ്രതീക്ഷിക്കുന്നതായതിനാൽ പൂർണമായി തൊഴിലായി കാണാനാകില്ലെന്ന് പാച്ചേനി, തൊഴിലല്ലെന്ന് ഉറപ്പിച്ച് സത്യപ്രകാശ്. ഹർത്താൽ, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലും രാഷ്ട്രീയകക്ഷി പ്രതിനിധികൾ നിലപാടുകൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പങ്കെടുത്തു.

രാഷ്ട്രീയം ഒരു തൊഴിലാണോ?

മുഴുവൻസമയ രാഷ്ടീയപ്രവർത്തനം തൊഴിലല്ലെന്ന്‌ പറയുന്നത് കാപട്യമാണ്. ഇതിനായി മിനിമം ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നത് പാർട്ടിയാണ്. ഞാൻ സഹകരണ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. പാർട്ടി പറഞ്ഞപ്പോൾ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി. രാഷ്ട്രീയപ്രവർത്തകർക്ക് കുടുംബം പോറ്റണം, ജീവിക്കണം. അതിനുള്ള ചുറ്റുപാട് പ്രസ്ഥാനം തരും. അടിസ്ഥാനപരമായി രാഷ്ട്രസേവനമാണ് രാഷ്ട്രീയം. -പി.ജയരാജൻ

ജോലിയിൽനിന്ന് അവധിയെടുത്താണ് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങിയത്. അതിനാൽ രാഷ്ട്രീയം ജോലിയായി അംഗീകരിക്കാനോ കാണാനോ കഴിയില്ല -പി.സത്യപ്രകാശ്

രാഷ്ട്രീയം ഒരു വരുമാനമാർഗമാക്കുന്നവരുണ്ടാകാം. അവർക്ക് രാഷ്ട്രീയം ഒരു തൊഴിലാണ്. എന്നാൽ, രാഷ്ട്രീയപ്രവർത്തനം ലാഭമോ പ്രതിഫലമോ ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവർത്തനമാണ്. അതിനാൽ അതൊരു പൂർണ അർഥത്തിലുള്ള തൊഴിലായി കാണാനാവില്ല - സതീശൻ പാച്ചേനി

രാഷ്ട്രീയം സാധ്യതയുടെ കലയാണ്. ലോകത്തെ മാറ്റിമറിച്ചവർ രാഷ്ട്രീയപ്രവർത്തകരായിരുന്നു. സമൂഹത്തോടുള്ള കടമയാണ് പ്രധാനം. ജോലിചെയ്യുമ്പോഴും നല്ല രാഷ്ട്രീയക്കാരനാകാം -പി.സന്തോഷ്‍കുമാർ