hospitalകണ്ണൂർ: ജില്ലാ ആസ്പത്രിയിൽ ഹൃദയസംബന്ധിയായ രോഗങ്ങൾക്കായുള്ള പുതിയ കാർഡിയോളജി ഒ.പി. തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. ഹൃദ്രോഗ നിർണയത്തിനുള്ള എക്കോ കാർഡിയോഗ്രാം മെഷീൻ, ഹോൾട്ടർ മോണിറ്റർ, ടി.എം.ടി. മെഷീൻ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കി. ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ തയ്യാറാക്കിയത്. സി.ടി. സ്കാൻ ലാബിന് സമീപത്തായാണ് പുതിയ ഒ.പി. പ്രവർത്തിക്കുക. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പുറത്തുനിന്നുള്ള രോഗികൾക്കും മറ്റു ദിവസങ്ങളിൽ ജില്ലാ ആസ്പത്രിയിൽ അഡ്മിറ്റായ രോഗികൾക്കും ചികിത്സ ലഭ്യമാക്കും.

മിതമായ നിരക്കിലാണ് പരിശോധനാസൗകര്യം ലഭ്യമാക്കുക. 1150 രൂപയുടെ എക്കോ ടെസ്റ്റിന് മുൻഗണനാവിഭാഗത്തിൽനിന്ന് 400 രൂപയും അല്ലാത്തവരിൽ നിന്ന് 600 രൂപയും ഈടാക്കും. പുറത്ത് 3500 രൂപ ചെലവുവരുന്ന ഹോൾട്ടർ ടെസ്റ്റിന് മുൻഗണനാ വിഭാഗത്തിന് 600 രൂപയും അല്ലാത്തവർക്ക് 800 രൂപയുമായിരിക്കും. 700 രൂപ ചെലവുവരുന്ന ടി.എം.ടി.ക്ക് യഥാക്രമം 300, 400 രൂപയാണ് ഈടാക്കുക. പരിശോധനാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ടെക്‌നീഷ്യൻമാരെ നിയമിക്കുന്നതിനുമുള്ള ചെലവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് തുക ഈടാക്കുന്നതെന്ന് സൂപ്രണ്ട് ഡോ. വി.കെ.രാജീവൻ പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സ്ഥിരംസമിതി അധ്യക്ഷൻ കെ.പി.ജയബാലൻ, അജിത്ത് മാട്ടൂൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.ലേഖ, കാർഡിയോളജിസ്റ്റ് ഡോ. കെ.രാകേഷ്, മെഡിസിൻ വിഭാഗം തലവൻ ഡോ. അഭിലാഷ്, ഗൈനക്കോളജിസ്റ്റ് ഡോ. ആഷിഷ് ബെൻസ്, നഴ്‌സിങ് സൂപ്രണ്ട് ഷൈനി, ഹെഡ് നഴ്‌സുമാരായ മേരിക്കുട്ടി, ബിന്ദു എന്നിവർ കാർഡിയോളജി ഒ.പി.യിലെ സൗകര്യങ്ങൾ വിലയിരുത്തി.

contetent highlights; cardiology OP will started today in district hospital