കണ്ണൂർ: നിപ വൈറസ് ഉയർത്തിയ ഭീഷണി നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് നമ്മുടെ ഡോക്ടർമാർ പ്രവർത്തിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ. കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടേയും നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിപ നിയന്ത്രണവിധേയമാണ്. ജില്ലാ ആസ്പത്രിയിൽ കാർഡിയോളജി വിഭാഗം ഉൾപ്പെടെയുള്ള മികച്ച സംവിധാനങ്ങൾ ഒരുക്കും. രണ്ടുമാസത്തിനകം അത്യാധുനിക കാത്ത് ലാബ് പ്രവർത്തനക്ഷമമാവും. ജില്ലാ ആസ്പത്രിയിൽ കാർഡിയോളജിസ്റ്റിനെ സർക്കാർ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

ആസ്പത്രിയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമാണപ്രവർത്തനങ്ങൾക്ക് കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചുവെങ്കിലും പാരിസ്ഥിതികാനുമതി ഉൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങൾ കാരണമാണ് ഏതാനും മാസം പ്രവൃത്തി വൈകിയതെന്നും മൂന്നുവർഷത്തിനുള്ളിൽത്തന്നെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മേയർ ഇ.പി.ലത, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. വി.കെ.രാജീവൻ, വി.കെ.സുരേഷ് ബാബു, കെ.പി.ജയബാലൻ തുടങ്ങിയവർ പങ്കെടുത്തു.

അടുത്തദിവസം തന്നെ പ്രവർത്തിക്കും

ഉദ്ഘാടനം ചെയ്ത ബ്ലോക്ക് അടുത്തദിവസം തന്നെ പ്രവർത്തിച്ചുതുടങ്ങും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടരക്കോടി മുതൽമുടക്കിലാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്. പുതിയ കെട്ടിടത്തിൽ ഗെനക്കോളജിയുടെയും ശിശുരോഗ വിഭാഗത്തിന്റെയും ഒ.പി. പ്രവർത്തിക്കും.

ഗർഭിണികൾക്ക് പ്രത്യേക സൗകര്യങ്ങൾ വാർഡിൽ ഒരുക്കും. രണ്ടാംനിലയിൽ താത്‌കാലികമായി കുട്ടികളുടെ വാർഡായി പ്രവർത്തിക്കും. ആസ്പത്രിയിൽ നിലവിലുള്ള കുട്ടികളുടെ വാർഡ് നവീകരിക്കുന്നതിനായാണ് മാറ്റം.

പുതിയ കെട്ടിടത്തിൽ മുലയൂട്ടൽ മുറി, നവജാത ശിശുക്കളുടെ കേൾവി പരിശോധന, തൈറോയ്ഡ് ഗ്രന്ഥിയുടെ പരിശോധന, സ്ത്രീകളുടെ ഗർഭാശയമുഖ കാൻസർ പരിശോധിക്കാനുള്ള സംവിധാനം, സ്തനാർബുദ പരിശോധനയ്ക്കുള്ള മാമോഗ്രാം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.