തളിപ്പറമ്പ്: എഴുപതുവർഷത്തിലേറെ പാരമ്പര്യമുള്ള തളിപ്പറമ്പിലെ ബാർബർഷോപ്പിന്റെ പ്രവർത്തനം തിങ്കളാഴ്ച രാത്രിയോടെ അവസാനിച്ചു. തളിപ്പറമ്പ് നഗരവാസികൾക്ക് ഏറെ സുപരിചിതനായ പാലക്കാട് സ്വദേശി വേണു കൃഷ്ണന്റെതാണ് ഈ ബാർബർ ഷോപ്പ്. കെട്ടിടഉടമയും ഷോപ്പുടമയും തമ്മിൽ വർഷങ്ങളായുള്ള നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഈ ഷോപ്പ് പൂട്ടേണ്ടിവന്നത്.

വേണുവിന്റെ അച്ഛൻ കെ.കൃഷ്ണൻ കുടുംബസമേതമെത്തിയാണ് തളിപ്പറമ്പിൽ ബാർബർ ഷോപ്പ് ആരംഭിച്ചത്. എഴുപത് വർഷം മുമ്പായിരുന്നു അത്. പിതാവ് പ്രായമായതോടെ വേണു സ്ഥാപനം ഏറ്റെടുത്തു. ’കാപ്പിറ്റോൾ’ എന്ന പേരും നൽകി. 1983-84 കാലഘട്ടത്തിൽ മുടിമുറിക്കാൻ എല്ലാ ബാർബർമാരും അഞ്ചുരൂപ വാങ്ങിയപ്പോൾ വേണു മൂന്നുരൂപയ്ക്ക് തലമുടി വെട്ടിക്കൊടുത്തു. കൂലിക്കുറവും ഫാഷൻ രീതിയിലുള്ള മുടിവെട്ടലും കണക്കിലെടുത്ത് കോളേജ് വിദ്യാർഥികളുൾപ്പെടെ കാപ്പിറ്റോൾ തിരക്കിയെത്തുന്ന കാലമുണ്ടായിരുന്നു.

അടച്ചുപൂട്ടാൻ നേരത്തും കാപ്പിറ്റോളിൽ മുടിമുറിക്കാൻ നിരക്ക് കുറവാണ്. മറ്റിടങ്ങളിൽ എഴുപതും എൺപതും രൂപ ഈടാക്കുമ്പോൾ വേണു വാങ്ങിയത് അറുപതു രൂപ. ബാർബർ ഷോപ്പ് ആരംഭിച്ചശേഷം നൂറിലേറെ പേർ ഇവിടെ തൊഴിലെടുത്തതായും വേണു പറഞ്ഞു.