പയ്യന്നൂർ: പയ്യന്നൂർ നഗരത്തിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നുവീണ് ഒരാൾക്ക് പരിക്കേറ്റു. തൃക്കരിപ്പൂർ തങ്കയം സ്വദേശി ഇസ്മായിലിനാണ് (54) തലയ്ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 6.15-ഓടെ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള മെയിൻ റോഡിന് സമീപത്തെ പഴയ കെട്ടിടമായ ടി.പി.സ്റ്റോറിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്. ആദ്യം സ്ഥാപനത്തിന്റെ ബോർഡും തൊട്ടുപിന്നാലെ സൺഷെയ്ഡും നിലംപൊത്തുകയായിരുന്നു. ഇതുവഴി നടന്നുപോകുമ്പോഴാണ് ഇസ്മായിലിന്റെ തലയിലേക്ക് സൺഷെയ്ഡ് അടർന്നുവീണത്. സ്‌കൂൾ കുട്ടികളുൾപ്പെടെയുള്ളവർ കടന്നുപോകുന്ന വഴിയിലാണിത്. ഇതിനിടയിലാണ് ഇസ്മായിലിന് പരിക്കേറ്റത്.

ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന കെട്ടിടത്തിനെതിരേ നാട്ടുകാരിൽനിന്ന് ശക്തമായ പ്രതിഷേധമാണുയർന്നത്. പയ്യന്നൂർ അഗ്നിരക്ഷാസേനയാണ് തുരുമ്പിച്ച കമ്പികളിൽ അടർന്നുതൂങ്ങിനിന്നിരുന്ന അവശേഷിച്ച കോൺക്രീറ്റ് കഷ്ണങ്ങൾ നീക്കംചെയ്തത്.

റോഡ് വികസനത്തിന്റെ ഭാഗമായി രണ്ട് വർഷം മുമ്പ് വീതികൂട്ടലും ഓവുചാൽ നിർമാണവും നടന്നപ്പോൾ റോഡിലേക്ക് തള്ളിനിൽക്കുന്ന ഭാഗം പൊളിച്ചുനീക്കാൻ ഈ സ്ഥാപനത്തിന്റെ ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കെട്ടിട ഉടമ ഇതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു.

content highlights; building sunshade collapsed, one injured