കല്യാശ്ശേരി: ഒരുനിമിഷത്തെ ശ്രദ്ധ വിട്ടപ്പോൾ മരണക്കയത്തിലേക്ക് ആഴ്ന്നിറങ്ങിയ പിഞ്ചുബാലൻ ദർശിന് നാടാകെ കണ്ണീരിൽകുതിർന്ന വിട നൽകി. ശനിയാഴ്ച ഉച്ചയോടെ അമ്മയോടൊപ്പം കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെത്തി കളിക്കുന്നതിനിടയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ദർശ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അമ്മയുടെ തറവാട് വീട്ടിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിനാളുകൾ വിവിധ സ്ഥലങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ഉച്ചയ്ക്ക് 12-30 മണിയോടെ പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തി. ടി.വി.രാജേഷ് എം.എൽ.എ., ആന്തൂർ നഗരസഭാ ചെയർ പേഴ്സൺ പി.കെ.ശ്യാമള, കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായ വി.എ. വിൽസൺ, പി.സന്തോഷ്‌കുമാർ തുടങ്ങി നിരവധിപേർ കല്യാശ്ശേരിയിലെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാനെത്തി.
കല്യാശ്ശേരി അഞ്ചാംപീടിക മാര്യാംഗലത്തിന് സമീപത്തെ കണ്ണൂർ സെയ്‌ന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി അധ്യാപകൻ പി.വി.രഘുനാഥിന്റെയും കണ്ണൂർ സർവകാശാല മാങ്ങാട്ടുപറമ്പ് കാമ്പസ് ജീവനക്കാരി സ്മിതയുടെയും മകനാണ് ദർശ്. കണ്ണൂർ സെയ്‌ന്റ് മൈക്കിൾസിലെ യു.കെ.ജി. വിദ്യാർഥിയാണ്. ശനിയാഴ്ച നഴ്സറി ക്ലാസിന് അവധിയായതിനാൽ വീട്ടിൽ തനിച്ചാകുന്നത് ഒഴിവാക്കാൻ അമ്മയോടൊപ്പം ഓഫീസിൽ എത്തിയപ്പോൾ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. പിതാവ് വീട്ടിലെത്തിയ കാര്യം അമ്മയോട് ഫോണിലൂടെ സംസാരിക്കുന്നത് കേട്ട ഉടൻ പുറത്തിറങ്ങിയ ബാലൻ അബദ്ധത്തിലാണ് കുഴിയിലെ വെള്ളക്കെട്ടിൽ വീണത്.