കണ്ണൂർ: കുഴൽക്കിണറിൽവീണ് അപകടമുണ്ടാവുന്ന വാർത്തകളാണ് ശ്രീനികേഷിനെ ഇതിനൊരു പരിഹാരംകണ്ടെത്താൻ പ്രേരിപ്പിച്ചത്. മലപ്പുറം വട്ടംകുളം ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥിയാണ്. കുഴൽക്കിണറിലേക്ക് നേർത്ത പൈപ്പ് കടത്തിവിട്ടാണ് പ്രവർത്തനം.

മൂന്നുഭാഗങ്ങളിലായി തിരിച്ച് ഒന്നിലൂടെ ഓക്സിജൻ, മറ്റൊരു ഭാഗത്തുകൂടെ ശബ്ദവും വെളിച്ചവും ക്യാമറയും കടത്തിവിടുന്നു. മറ്റൊന്നിലൂടെ എയർബാഗും കടത്തും. പുറത്തുനിന്ന് എയർബാഗിലേക്ക് വായു നൽകി വീർപ്പിക്കുന്നു. ഇതിന്റെ സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാനാവുമെന്ന് ശ്രീനികേഷ് പറയുന്നു. കുറഞ്ഞ ചെലവ്, കുറഞ്ഞ സമയം, അധികം യന്ത്രങ്ങളുടെ ആവശ്യവുമില്ല.

റോഡിൽ രാത്രി ലൈറ്റ് ഡിംചെയ്യാത്ത ഡ്രൈവർമാരെ ഭയപ്പെടാതെ സുഗമമായി വണ്ടിയോടിക്കാനുള്ള സംവിധാനവുമായാണ് കൊല്ലം കൊളത്തൂപ്പുഴയിലെ ആർ.പി.അഭിജിത്ത് മേളയിലെത്തിയത്. ഡ്രൈവർക്കുമുന്നിൽ സ്റ്റിയറിങ്ങിനുമുമ്പിൽ ലൈറ്റ് റസിസ്റ്റർ സ്ഥാപിച്ചാൽ എതിർദിശയിലെ വാഹനത്തിന്റെ ലൈറ്റ് ഓട്ടോമെറ്റിക്കായി ഡിം ആകുന്ന സംവിധാനമാണിത്.