കൂത്തുപറമ്പ്: മാങ്ങാട്ടിടം കണ്ടേരിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകന്റെ വീട്ടിനുനേരെ ബോംബേറ്്‌. ഫസീല മൻസിലിൽ നൗഫലിന്റെ വീട്ടിനു നേരെയാണ് ബോംബേറുണ്ടായത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം.

ശക്തമായ സ്ഫോടനത്തിൽ വീടിന്റെ ഒരുഭാഗത്തെ ജനൽച്ചില്ലുകൾ പൂർണമായും തകർന്നു. അക്രമം നടക്കുമ്പോൾ നൗഫലും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. സ്ഫോടനത്തിൽ കേൾവിക്ക് തകരാർ സംഭവിച്ച നൗഫലിന്റെ പിതാവ് അലവി, മരുമകൻ റിഫ് ഷാൻ എന്നിവരെ ചികിത്സയ്ക്ക് വിധേയരാക്കി.

കാറിലെത്തിയ നാലംഗസംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. അക്രമികളെത്തിയ കാറിന്റെ ദൃശ്യം വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.