ചെറുപുഴ: കാർഷികമേഖലയെ തകർക്കുകയാണ് ബി.ജെ.പി. സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ചെറുപുഴയിൽ സംയുക്ത സമരസമിതിയുടെ കർഷക ലോങ് മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകരോട് ഒരു പ്രതിബദ്ധതയും കേന്ദ്രസർക്കാരിനില്ല. കാർഷികവിളകളുടെ വിലയിടിച്ച് കർഷകർക്ക് ദാരിദ്ര്യംമാത്രം സമ്മാനിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. കാർഷികവിളകളുടെ വിലയിടിവുമൂലം ദുരിതത്തിലായ റബ്ബർ കർഷകരെ സഹായിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. വിദ്യാഭ്യാസ-കൃഷി ആവശ്യങ്ങൾക്ക്‌ വായ്പയെടുത്ത കർഷകരെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയാണ്‌ ദേശവത്‌കൃത ബാങ്കുകൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർഷികമേഖലയോടുള്ള കേന്ദ്രസർക്കാരിന്റെ നയം തിരുത്തുക, റബ്ബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വന്യമൃഗശല്യത്തിൽനിന്ന്‌ കൃഷിയെയും കർഷകരെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തുന്നത്.

കെ.ആർ.ചന്ദ്രകാന്ത് അധ്യക്ഷതവഹിച്ചു. ടി.ഐ.മധുസൂദനൻ, സി.സത്യപാലൻ, കെ.വി.ഗോവിന്ദൻ, അഡ്വ. പി.സന്തോഷ്‌കുമാർ, എ.ജെ.ജോസഫ്, കെ.കെ.ജയപ്രകാശൻ, എം.വി.കുര്യൻ, ശിവപ്രസാദ്, കല്യോട്ട് പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. സ്ഥിരമായി ആയിരംപേർ പങ്കെടുക്കുന്ന ലോങ്മാർച്ച്‌ ചൊവ്വാഴ്ച കർഷകറാലിയോടെ പയ്യാവൂരിൽ സമാപിക്കും. വത്സൻ പനോളി ജാഥാലീഡറും പി.ശശിധരൻ മാനേജരുമാണ്. ഞായറാഴ്ച മാർച്ച് പെരിങ്ങാലയിൽ സമാപിച്ചു. തിങ്കളാഴ്ച നടുവിലാണ് സമാപനം.

Content Highlights; bjp government destroys agriculture sector - ep jayarajan