കണ്ണൂർ: യാത്രക്കാർക്കൊപ്പം റെയിൽവേ ഉദ്യോഗസ്ഥർവരെ സമരംനടത്തിയ കണ്ണൂരിലെ റെയിൽപ്പാള മാലിന്യപ്രശ്നത്തിന് പരിഹാരമായി. കേരളത്തിലെ മുഴുവൻ തീവണ്ടികളിലും ബയോടോയ്‌ലെറ്റ് ഘടിപ്പിച്ചതോടെ രക്ഷപ്പെട്ടത് കണ്ണൂർ സ്റ്റേഷനാണ്. മുംബൈ, ചെന്നൈ വണ്ടികളിൽ ചിലതുമാത്രമാണ് ഇപ്പോൾ പരമ്പരാഗത ശൗചാലയവുമായി ഓടുന്നത്. ബയോടോയ്‌ലെറ്റിലെ ആറ്‌ ചേംബറിൽ മലവിസർജനം ശേഖരിക്കുന്നതിനാൽ പാളത്തിലേക്ക് വീഴില്ല. നിർത്തിയിട്ട വണ്ടികളിൽനിന്നുൾപ്പെടെ പ്ലാറ്റ്‌ഫോമിലെ റെയിൽപ്പാളത്തെ മലത്തിൽ മുക്കിയ പഴയരീതിയാണ് ഇല്ലാതായത്.

റെയിൽവേ സ്റ്റേഷൻ പാളത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി യാർഡ് കോൺക്രീറ്റ് (ഏപ്രൺ) ചെയ്യണമെന്ന ആവശ്യം ഇതോടെ ഇല്ലാതായി. മുമ്പ് പാളത്തിലേക്ക് തള്ളുന്ന വിസർജരീതിയാണ് ഇപ്പോൾ പൂർണമായും മാറിയത്. മനുഷ്യമാലിന്യം വിഘടിപ്പിച്ച് മീഥൈനും ജലവുമാക്കിമാറ്റുന്ന പ്രക്രിയയാണ് തീവണ്ടികളിലെ ബയോടോയ്‌ലറ്റുകളിലേത്.

പാലക്കാട് ഡിവിഷനിലെ എ-വൺ സ്റ്റേഷനായ കണ്ണൂരിൽ യാർഡ് ഏപ്രൺ ചെയ്യാത്തതിനാൽ വണ്ടി വന്നുനിന്നാൽ പാളംമുഴുവൻ മലംനിറഞ്ഞിരുന്നു. പുലർച്ചെയെത്തുന്ന ദീർഘദൂരവണ്ടികൾ ഇവിടെ നിർത്തിയിടുന്നത് കൂടുതൽ ദുർഗന്ധത്തിന് ഇടയാക്കിയിരുന്നു. കോഴിക്കോട്, മംഗളൂരു സ്റ്റേഷനുകളിലെല്ലാം യാർഡ് കോൺക്രീറ്റുചെയ്ത് മാലിന്യം വെള്ളമടിച്ച് കഴുകിക്കളയുന്നുണ്ട്. എന്നാൽ, കണ്ണൂരിൽ ഇവ പാളത്തിൽ കുമിഞ്ഞുകൂടും. കുമ്മായമിടൽമാത്രമായിരുന്നു ആകെ ചെയ്യുന്ന പ്രവൃത്തി. പ്രധാന സ്റ്റേഷനായ കണ്ണൂരിൽ ഇത്രയേറെ അനാരോഗ്യകരമായ അന്തരീക്ഷമുണ്ടായിട്ടും റെയിൽവേ നടപടിയെടുക്കാത്തതിൽ പലതവണ പ്രതിഷേധസമരങ്ങൾ നടന്നിരുന്നു. അതാണ് ഇപ്പോൾ മാറിയത്.