പയ്യന്നൂർ: പയ്യന്നൂരിൽ സി.ഐ.യുടെ വീടിനും യൂസ്ഡ് കാർ ഷോറൂമിനും നേരേ അക്രമം. ചന്തേര സി.ഐ. മൂരിക്കൊവ്വൽ ഉഷറോഡിലെ കെ.പി.സുരേഷ് ബാബുവിന്റെ വീടിനും പുതിയൻകാവിലെ കെ.കെ.ഗണേശന്റെ ഉടമസ്ഥതയിലുള്ള വെള്ളൂർ രാമൻകുളത്തിന് സമീപത്തെ കാർ ഫോർ യു എന്ന യൂസ്ഡ് കാർ ഷോപ്പിനും നേരേയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രിയിലായിരുന്നു ഇരു സംഭവവും നടന്നത്.

രാത്രി 12.53-നാണ് സി.ഐ.യുടെ വീടിനുനേരേയുള്ള അക്രമം. വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്ന് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമായിട്ടുണ്ട്. ഒരാൾ ഗേറ്റിനുപുറത്തുനിന്നും മറ്റൊരാൾ ഗേറ്റ് തുറന്ന് അകത്ത് കയറിയും ഇഷ്ടികക്കഷ്ണങ്ങളുപയോഗിച്ച് വീടിനുനേരേ എറിയുകയായിരുന്നു. കല്ലേറിൽ വീടിന്റെ മുകൾനിലയിലെ മുറിയുടെ ജനൽ തകർന്നു. സംഭവസമയത്ത് സി.ഐ. കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ട സ്ഥലത്തായിരുന്നു. വീട്ടിൽ ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നത്.

സി.ഐ.യുടെ വീടിനുനേരേ അക്രമംനടന്ന വിവരമറിഞ്ഞ് അവിടെയും മുച്ചിലോട്ട് ക്ഷേത്രത്തിലും പോയശേഷം തിരിച്ചെത്തുമ്പോഴാണ് യൂസ്ഡ് കാർ ഷോപ്പിൽ അക്രമംനടന്ന വിവരം ഗണേശൻ അറിയുന്നത്. വിൽപ്പനയ്ക്കായി വെച്ചിരുന്നതും പാർക്കുചെയ്തിരുന്നതുമായ കാറുകളും ജീപ്പുകളുമുൾപ്പെടെയുള്ള 13 വാഹനങ്ങളാണ് തകർക്കപ്പെട്ടത്. കല്ലും മരക്കഷ്ണങ്ങളുമുപയോഗിച്ചാണ് വാഹനങ്ങളുടെ ഗ്ലാസുകൾ തകർത്തതെന്ന് ഷോപ്പിലെ നിരീക്ഷണ ക്യാമറകളിൽനിന്ന്‌ വ്യക്തമായിട്ടുണ്ട്.

പെരുങ്കളിയാട്ടത്തിന്റെ സമാപനദിവസം തർക്കങ്ങളുണ്ടായിരുന്നു. സംഘാടകസമിതിയിൽ ചുമതലയുണ്ടായിരുന്ന സി.ഐ. സുരേഷ്ബാബുവും ഗണേശനും ഇതിലിടപ്പെട്ടിരുന്നു. സി.ഐ.യുടെ വീട്ടിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങളിൽ കണ്ട രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. പ്രതികളെപ്പറ്റിയുള്ള കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

content highlights; attack against police officer house and used car showroom