മയ്യിൽ: വീട്ടിനകത്ത് അതിക്രമിച്ചുകയറി വയോധികയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പാവന്നൂർ അങ്കണവാടിക്കുസമീപം മൂലക്കൽവീട്ടിലെ വെള്ളുവ പുത്തൻവീട്ടിൽ സാവിത്രിയമ്മ(72)യും മകൻ രാധാകൃഷ്ണ(52) നുമാണ് പരിക്കേറ്റ് ചികിത്സയിലായത്. സംഭവത്തിൽ പാവന്നൂരിലെ ലതീഷ് (31), എട്ടേയാറിലെ ബസ് ഡ്രൈവറായ കെ.വി.പ്രനീഷ് (32) എന്നിവർക്കെതിരേ മയ്യിൽ പോലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച് സാവിത്രിയമ്മ പറയുന്നതിങ്ങനെ: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് സാവിത്രിയമ്മയുടെ മകളുടെ മകനായ വൈഷ്ണവിനെ അന്വേഷിച്ച് ഒരാൾ വരികയും പെട്ടെന്നുതന്നെ പുറത്തേക്കു പോവുകയുംചെയ്തു. തുടർന്ന് രണ്ടുപേർ വീട്ടിലേക്ക് ബൈക്കിൽ വന്നു. അസഭ്യം പറഞ്ഞ് സാവിത്രിയമ്മയെ തള്ളിയിട്ടു. മകൻ രാധാകൃഷ്ണൻ ഇവരോട് വീട്ടിൽനിന്ന് പുറത്തിറങ്ങാനാവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തുകയും കൈയിലെ സ്റ്റീൽവളയൂരി മുഖത്തും തലയിലും മർദിക്കുകയുംചെയ്തു. പരിക്കേറ്റ രാധാകൃഷ്ണനെ കണ്ണൂർ ഗവ. ആസ്പത്രിയിലും സാവിത്രി അമ്മയെ മയ്യിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.