kannur
ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ചെറുപഴശ്ശിയിലെ
ബേബി സുനാഗറിന്റെ വീടിനുനേരേ നടന്ന അക്രമത്തിൽ ജനൽച്ചില്ലുകൾ തകർന്നനിലയിൽ

മയ്യിൽ: ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗറിന്റെ ചെറുപഴശ്ശി കടൂർമുക്കിലുള്ള വീടിനുനേരേ അക്രമം. വീടിന്റെ മുൻവശത്തെ രണ്ട്‌ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു.

പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനുനേരേയും കല്ലേറുണ്ടായി. നാല് ബൈക്കുകളിലായെത്തിയ സംഘമാണ് അക്രമം നടത്തിയത്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കല്ലേറുണ്ടായ സമയത്ത് വീട്ടിൽ സഹോദരിയും ഭർത്താവും മകളുമാണുണ്ടായിരുന്നത്.

കഴിഞ്ഞദിവസം മയ്യിൽ മേഖലയിൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ പൗരത്വനിയമഭേദഗതിയുടെ പ്രചാരണപരിപാടികൾ നടത്തിയിരുന്നു. ഇതിന്റെ അസഹിഷ്ണുതയാവാം അക്രമത്തിനുപിന്നിലെന്ന് ബി.ജെ.പി. ജില്ലാനേതൃത്വം ആരോപിച്ചു. ബേബി സുനാഗറിന് ഇനി ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുമെന്ന് അക്രമം നടക്കുന്നതിനുമുമ്പ് ഫെയ്‌സ്ബുക്ക് കമന്റുകൾ പ്രചരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. സംസ്ഥാന സെൽ കോഓർഡിനേറ്റർ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, മേഖലാ പ്രസിഡന്റ് എ.പി. രാഘവൻ തുടങ്ങിയവർ വീട് സന്ദർശിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

content highlights; attack against bjp leader house