തലശ്ശേരി: തലശ്ശേരിയിൽ 152 പേർക്ക് കൃത്രിമക്കാൽ നിർമാണം പൂർത്തിയാവുന്നു. അപകടത്തിലും രോഗംവന്നും കാലുകൾ നഷ്ടപ്പെട്ടവർക്കാണ് കൃത്രിമക്കാൽ നിർമിച്ചുനൽകുന്നത്. ഞായറാഴ്ച രാവിലെ വിതരണംചെയ്യും. നിർമാണം പൂർത്തിയായവ വെള്ളിയാഴ്ച മുതൽ ആവശ്യക്കാരെത്തി ധരിച്ചുനോക്കിത്തുടങ്ങി. ഒപ്പം കാൽ ധരിച്ച്‌ നടന്ന്‌ പരിശീലനവും.

ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക് 318 ഇ യുടെ നേതൃത്വത്തിലാണ് നിർമാണം. ചെന്നൈയിലുള്ള ഒലി ഇന്ത്യയാണ് കാൽ നിർമിക്കുന്നത്. എട്ടുവയസ്സുമുതൽ 70 വയസ്സുവരെയുള്ളവരാണ് ക്യാമ്പിൽ കാലിനായി അപേക്ഷ നൽകിയത്. മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ആവശ്യക്കാർ. 116 പേർ കാൽമുട്ടിനുതാഴെയും 36 പേർ കാൽമുട്ടിനുമുകളിലും നഷ്ടപ്പെട്ടവരാണ്. കൃത്രിമക്കാൽ ഉപയോഗിക്കുന്ന പത്തുപേർ നന്നാക്കാൻവേണ്ടിയും ക്യാമ്പിലെത്തിയതായി തലശ്ശേരി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പ്രതിഭ, ക്യാമ്പ് കൺവീനർ രാജീവ് തണൽ എന്നിവർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ക്യാമ്പ് തുടങ്ങിയത്. കൃത്രിമക്കാൽ വിതരണം ഞായറാഴ്ച 10-ന് തലശ്ശേരി ലയൺസ് ഹാളിൽ നഗരസഭാ ചെയർമാൻ സി.കെ.രമേശൻ നിർവഹിക്കും.