പയ്യന്നൂർ: പുരുഷൻമാർ ആധിപത്യംപുലർത്തിയിരുന്ന സെക്യൂരിറ്റി ജോലിക്കായി പയ്യന്നൂരിലെ വനിതകളും രംഗത്ത്. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ മിഷന്റെ കീഴിൽ വനിതകൾ കാവലാൾ ജോലിക്കായി പയ്യന്നൂരിൽ രംഗത്തെത്തുന്നത്.
പയ്യന്നൂർ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഇരുപത്തെട്ടംഗ വനിതാ കൂട്ടായ്മയാണ് പരിശീലനം പൂർത്തീകരിച്ചത്.
ഇവർക്കായി പ്രത്യേക യൂണിഫോമുകളും തയ്യാറായി. ആവശ്യക്കാർ നഗരസഭാ കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെട്ടാൽ ഇവരുടെ സേവനം ലഭ്യമാക്കാൻ കഴിയുമെന്ന് സി.ഡി.എസ്. ചെയർപേഴ്സൺ കെ.കവിത പറഞ്ഞു. ദിവസവേതനാടിസ്ഥാനത്തിലോ മാസവേതന കരാറിലോ ഇവരുടെ സേവനം ലഭ്യമാകും. കളക്ടർ ടി.വി.സുഭാഷ് ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷതവഹിച്ചു. കെ.പി.രാജഗോപാലൻ, കെ.പി.ജ്യോതി, പി.ഇന്ദുലേഖ, എം.സഞ്ജീവൻ, വി.ബാലൻ, പി.പി.ദാമോദരൻ, പി.വി.ദാസൻ, എം.കെ.ഷമീമ, ഡോ. എം.സുർജിത്ത് തുടങ്ങിയവർ സംസാരിച്ചു.