കണ്ണൂർ: എ.ഐ.ടി.യു.സി. കണ്ണൂർ ജില്ലാ ക്യാമ്പ് 19-ന് 10.30-ന് കണ്ണൂർ ബാലറാം സ്മാരകത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനംചെയ്യും. രണ്ടിന് രാജാജി മാത്യു തോമസ് നാലാം വ്യാവസായിക വിപ്ലവവും തൊഴിലാളി വർഗവും എന്ന വിഷയം സംബന്ധിച്ച് പ്രഭാഷണം നടത്തും.
ലെവൽക്രോസ് ഇന്ന് അടച്ചിടും
കണ്ണൂർ : താണ ആയിക്കര റോഡിൽ കണ്ണൂർ സൗത്ത് കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം നമ്പർ ലെവൽക്രോസ് വ്യാഴാഴ്ച എട്ടുമുതൽ 20-ന് വൈകീട്ട് ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
ഭരണാനുമതിയായി
കണ്ണൂർ : കെ.കെ.രാഗേഷ് എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് ബസ് വാങ്ങുന്നതിന് കളക്ടർ 1.4 കോടി രൂപയുടെ ഭരണാനുമതി നൽകി. ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂൾ, വെള്ളാട് ഗവ. യു.പി. സ്കൂൾ, കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കല്യാശ്ശേരി കെ.പി.ആർ.ഗോപാലൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകൾക്കാണ് തുക അനുവദിച്ചത്.
ട്രേഡ്‌സ്‌മാൻ ഒഴിവ്
കണ്ണൂർ : കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ 2019-20 അധ്യയനവർഷത്തേക്ക് വുഡ് ആൻഡ് പേപ്പർ ടെക്‌നോളജി വകുപ്പിൽ കാർപെന്ററി വിഭാഗം ട്രേഡ്‌സ്‌മാൻ തസ്തികയിൽ നിയമനം നടത്തുന്നതിന് പാനൽ തയ്യാറാക്കും. ഈ വിഷയത്തിൽ ഐ.ടി.ഐ. പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. 17-ന് രാവിലെ 11-ന് ഗവ. പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ചിത്ര ഗദ്ദിക 18-ന്
കണ്ണൂർ : പട്ടികജാതി പട്ടികവർഗ വികസന വകുപ്പും കിത്താർഡ്‌സും ചേർന്ന് 27 മുതൽ ഫെബ്രുവരി അഞ്ചുവരെ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന ’ഗദ്ദിക 2020’ ന്റെ പ്രചാരണാർഥം ചിത്രഗദ്ദിക സംഘടിപ്പിക്കും. 18-ന് വൈകീട്ട് നാലിന് കണ്ണൂർ ടൗൺ സ്‌ക്വയറിലാണ് പരിപാടി.
സമ്മാനവിതരണം
കണ്ണൂർ : ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ അനുഭവക്കുറിപ്പ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും കളക്ടർ ടി.വി.സുഭാഷും ചേർന്നാണ് സമ്മാനദാനം നിർവഹിച്ചത്.
തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ.രമേശൻ, പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ്, പടിയൂർ കല്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ, അയ്യങ്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ എന്നിവരാണ് സമ്മാനാർഹരായത്.