കണ്ണൂർ: വോട്ടർപട്ടികയിലെ രേഖപ്പെടുത്തലുകൾ പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിനായി നടപ്പാക്കുന്ന ഇലക്ടേഴ്സ് വെരിഫിക്കേഷൻ പ്രോഗ്രാം (ഇ.വി.പി.) 18-ന് അവസാനിക്കും. വോട്ടർപട്ടികയിലും തിരിച്ചറിയൽ കാർഡിലുമുള്ള തെറ്റുകൾ തിരുത്തുന്നതിനുള്ള അവസരം ഉപയോഗിക്കാത്തവർ ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കളക്ടർ അറിയിച്ചു. മൊബൈൽ ഫോണിലൂടെ Voter helpline ആപ്ലിക്കേഷൻ വഴിയോ nvsp.in എന്ന സൈറ്റ് വഴിയോ വോട്ടർപട്ടിക വെരിഫിക്കേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1950-ൽ ബന്ധപ്പെടാം.
വിഹിത കുടിശ്ശിക അടയ്ക്കണം
കണ്ണൂർ : സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ വഖഫ് സ്ഥാപനങ്ങളുടെ 2017-18 വരെയുള്ള വിഹിത കുടിശ്ശിക 30-നകം കണ്ണൂർ ഡിവിഷണൽ ഓഫീസിൽ അടയ്ക്കണം.
തേക്കുതടി വില്പന
കണ്ണൂർ : കണ്ണവം ഗവ. ടിമ്പർ ഡിപ്പോയിൽ നവംബറിലെ തേക്കുതടി വില്പന 28-ന് നടക്കും. ഓൺലൈൻ വഴി നടത്തുന്ന ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സൗജന്യ രജിസ്ട്രേഷൻ കണ്ണൂർ കണ്ണോത്തുംചാൽ ഫോറസ്റ്റ് കോംപ്ലക്സിൽ 14-ന് രാവിലെ 10.30-ന് നടക്കും. കച്ചവടസ്ഥാപന ഉടമകൾക്കും സ്വകാര്യവ്യക്തികൾക്കും അപേക്ഷിക്കാം. ഫോൺ: 0490 2302080.
ഏകോപനസമിതി യോഗം
കണ്ണൂർ : ഏഴാമത് സാമ്പത്തിക സെൻസസിന്റെ ജില്ലാതല ഏകോപനസമിതി യോഗം ഇതുവരെയുള്ള നടപടികൾ വിലയിരുത്തി. സാമ്പത്തിക സെൻസസ് ജില്ലയിൽ ആരംഭിക്കുന്നതിനു മുന്നോടിയായാണിത്. കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള ഇ-ഗവേണൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള കോമൺ സർവീസ് സെൻററുകൾ മുഖേനയാണിത്. ഫീൽഡ് ജോലികൾക്കായി ജില്ലയിൽ 129 സൂപ്പർവൈസർമാരെയും 1241 എന്യൂമറേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കളക്ടർ ടി.വി.സുഭാഷും ജില്ലയിലെ വിവിധ വകുപ്പുതലവന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
സർവേ പരിശീലനം
കണ്ണൂർ : സർവേ-ഭൂരേഖ വകുപ്പിനുകീഴിൽ തളിപ്പറമ്പ് താലൂക്കിൽ പ്രവർത്തിക്കുന്ന ആധുനിക സർവേ സ്കൂളിൽ തുടങ്ങുന്ന ആധുനിക സർവേ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യും ഐ.ടി.ഐ. സർവേയർ/ ഡ്രാഫ്റ്റ്സ്മാൻ സിവിൽ/വി.എച്ച്.സി. സർവേ/ചെയിൻ സർവേ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.dslr.kerala.gov.in-ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ പ്രിൻസിപ്പൽ, മോഡേൺ സർവേ സ്കൂൾ, പറശ്ശിനിക്കടവ്. പി.ഒ., ആന്തൂർ, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2700513.