അരോളി: അരോളി വടേശ്വരം പ്രദേശത്തെ മൂന്നോളം വീടുകളിൽ സമൂഹവിരുദ്ധരുടെ അക്രമം. ഇതിൽ രണ്ടു വീടുകളിലെ ആൾക്കാർ മക്കളുടെകൂടെ താമസിക്കുന്നതിനാൽ ആഴ്ചകൾ ഇടവിട്ട് മാത്രമാണ് വീടുകളിൽ എത്താറുള്ളത്. ഒരു വീട്ടിൽ ആളുകൾ ജോലിക്ക് പോകുന്നതിനാൽ പകൽ താമസമില്ലാത്ത വീടാണ്.
കേളോത്ത് കാർത്യായനിയമ്മയുടെ വീടിന്റെ പിൻഭാഗത്തെ ജനലിന്റെ അഴി പിഴുതുമാറ്റി അകത്തുകയറിയ സമൂഹവിരുദ്ധർ കട്ടിൽ, വാതിൽ എന്നിവയ്ക്ക് തീയിട്ട നിലയിലാണ്. അലമാര തുറന്ന് വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടിട്ടുണ്ട്. വീട്ടുമുറത്ത് നിർത്തിയിട്ട കാർ തള്ളിമാറ്റി സമീപത്തെ കുഴിയിലേക്ക് മറിച്ചിടാനും ശ്രമം നടത്തിയിട്ടുണ്ട്. സമീപത്തെ കെ.യശോദാമ്മയുടെ വീടിന്റെ ജനൽച്ചില്ലുകളാണ് അടിച്ചുതകർത്തിട്ടുള്ളത്.
പകൽ ആൾത്താമസമില്ലാത്ത പ്രകാശിന്റെ വീടിന്റെ ജനലും തകർത്തനിലയിലാണ്. കാർത്യായനിയമ്മയുടെ മകൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് വീട് അകത്തുനിന്നും കുറ്റിയിട്ട നിലയിൽ കണ്ടത്. പിന്നീട് വീടും പരിസരവും നോക്കിയപ്പോഴാണ് ജനൽ തകർത്തതും കാർ തള്ളി മാറ്റിയതും ശ്രദ്ധയിൽപ്പെട്ടത്. വീടുകൾക്ക് നേരേ നടന്ന അക്രമത്തിൽ വീട്ടുകാർ വളപട്ടണം പോലീസിൽ പരാതി നൽകി.