ധർമശാല: ആന്തൂരിന്റെ കായികസ്വപ്നങ്ങൾക്ക് വേഗം കൂട്ടാൻ നഗരസഭാ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാൻ വഴിതുറക്കുന്നു. സംസ്ഥാന സ്പോട്സ് കൗൺസിൽ വിദഗ്‌ധ സമിതി ചൊവ്വാഴ്ച ഗ്രൗണ്ട് പരിശോധിച്ച് സിന്തറ്റിക് ട്രാക്ക് നിർമാണത്തിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ തീരുമാനമെടുക്കുമെന്നും സംഘം അറിയിച്ചു.

നഗരസഭാധികൃതർ സിന്തറ്റിക് ട്രാക്ക് നിർമാണത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് സംസ്ഥാന സ്പോട്സ് കൗൺസിലിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്. ഗ്രൗണ്ടും അനുബന്ധ പശ്ചാത്തല സൗകര്യവും വിശദമായി പരിശോധിച്ചതിനുശേഷമാണ് ട്രാക്ക് നിർമാണത്തിന് ഉചിതമാണെന്ന് വിലയിരുത്തിയത്.

സംസ്ഥാന സ്പോട്സ് കൗൺസിൽ അംഗം എം.ആർ.രഞ്ചിത്ത്, സ്പോട്സ് കൗൺസിൽ എൻജിനീയറിങ് വിഭാഗം ചീഫ് എൻജിനീയർ മോഹൻദാസ്‌, എക്സി. എൻജി. ആർ.ബിജു, അസി. എൻജി. കെ.അനന്തകൃഷ്ണൻ എന്നിവരോടൊപ്പം നഗരസഭാധ്യക്ഷ പി.കെ.ശ്യാമള, സെക്രട്ടറി എം.കെ.ഗിരീഷ്, റവന്യൂ ഇൻസ്പെക്ടർ എ.രാധാകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Content Highlight: Anthur nagara sabha synthetic track