അഞ്ചരക്കണ്ടി: കനത്ത മഴയെത്തുടർന്ന് ചിറമ്മൽപീടിക ഭാഗത്ത് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. അഞ്ചരക്കണ്ടി ചാലോട് റോഡിൽ ചിറമ്മൽ പീടികഭാഗത്ത് റോഡിൽ വലിയ തോതിൽ വെള്ളം കയറി. മാമ്പവയൽപ്രദേശത്ത് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

ചിറമ്മൽ പീടികയിലെ എ.കെ.പദ്മിനിയുടെ വീടിനു ചുറ്റും വെള്ളം കയറിയത് മൂലം പുറത്ത് കടക്കാൻ പറ്റാതായി. തൊട്ടടുത്ത രവീന്ദ്രന്റെ വീടും വെള്ളപ്പൊക്ക ഭീഷണിയിലായി. ചിറമ്മൽ പീടിക ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന് ഇരുവശത്തും ആഴത്തിലുള്ള ഓവുചാലുകളും റോഡിന് കുറുകെ കലുങ്കും നിർമിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

മാച്ചിറ മുതൽ തട്ടാരിപ്പാലം വരെയുള്ള മാമ്പവയലും ചേരിക്കയിൽ വയലും വെള്ളത്തിനടിയിലായി. ഇവിടത്തെ നെൽകൃഷി അവതാളത്തിലായി. തട്ടിപ്പാലത്തിന് സമീപം തോട് വഴിമാറിയൊഴുകിയത് കൃഷിനാശം രൂക്ഷമാക്കി. ഗെയിൽ പദ്ധതിക്ക് പൈപ്പിടാൻ വേണ്ടി തോടിന്റെ ഭിത്തി മുറിച്ച് ജെ.സി.ബി.യും ലോറിയും പോകാൻ വയലിൽ റോഡ് ഉണ്ടാക്കിയിരുന്നു. തോട്ടിൽ വെള്ളം നിറഞ്ഞതോടെ വെള്ളമൊഴുക്ക് ഇതുവഴിയായി.

ശക്തമായ ഒഴുക്കിൽ ഇവിടെയുള്ള നെൽകൃഷിയും മറ്റു കാർഷിക വിഭവങ്ങളും ഒലിച്ചുപോയി. വീടുകൾക്കും കൃഷിയിടങ്ങൾക്കും ഭീഷണിയാകുന്നത് തടഞ്ഞ് മഴവെള്ളം കൃത്യമായി ഒഴുകിപ്പോകാൻ സൗകര്യമുണ്ടാക്കണമെന്ന് കുടുംബങ്ങളും കർഷകരും ആവശ്യപ്പെട്ടു.

പെരളശ്ശേരി: മൂന്നു പെരിയ-പാറപ്രം റോഡ് വെള്ളത്തിനടിയിലായി .ഓവുചാലുകൾ അടഞ്ഞതിനെ തുടർന്നാണ് വെള്ളക്കെട്ടുണ്ടായത് . കാൽനടയാത്രക്കാർ പ്രയാസപ്പെട്ടു. വാഹനങ്ങൾ റോഡ് തിരിച്ചറിയാതെ വിഷമിച്ചു. സ്കൂൾ വിട്ടുപോകുന്ന ചെറിയ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടിയത്.

വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചു

കൂടാളി: കൂടാളി താഴത്തെ വീടിനു സമീപം വയലിൽ വെള്ളം കയറി സമീപത്തെ മൂന്നു വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. അർഷാ നിവാസിൽ ശ്രീജ, കക്കരക്കൽ ഹൗസിൽ മാധവി, നയന നിവാസിൽ നാരായണൻ എന്നിവരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. പരിസരത്തെ വയലുകളിലും വെള്ളം കയറി. കെ.പി.മാധവൻ നമ്പ്യാരുടെ വീടിന്റെ വരാന്ത വരെ വെള്ളമെത്തി. മഴ തുടർന്നാൽ താമസം മാറേണ്ടിവരും. മറ്റു സമീപവാസികളും ഭീഷണിയിലാണ്. കൂടാളി പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി.നൗഫൽ, വില്ലജ് ഓഫീസർ മുരളീകൃഷ്ണൻ, പഞ്ചായത്തംഗം സി.രാഘവൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

കടമ്പൂർ: പഞ്ചായത്തിലെ ആഡൂരിൽ മഞ്ചപ്പാലത്ത് തോട് പൊട്ടി വീടിന് സമീപത്തേക്ക് വെള്ളം കയറി. ചീരാങ്കോട് പ്രകാശന്റെ വീടാണ് അപകടഭീഷണിയിലായത്. ഈ വീട്ടിലെ താമസക്കാരായ സെൽവനെയും കുടുംബത്തെയും നാട്ടുകാർ മാറ്റിപ്പാർപ്പിച്ചു. തച്ചൻ കുണ്ടിൽ പ്രസീതയുടെ വീടിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞുവീണു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ, വൈസ് പ്രസിഡന്റ് വിമലാ ദേവി, വില്ലേജ് ഓഫീസർ ഇ.കെ.അശോകൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

ബൈപ്പാസിന് സമീപത്തുള്ളവർ ഭീഷണിയിൽ

മുഴപ്പിലങ്ങാട്: നിർമാണം പുരോഗമിക്കുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിന്റെ സമീപപ്രദേശത്ത് വെള്ളം കയറി. മുഴപ്പിലങ്ങാട് യൂത്തിന് സമീപത്തെ ഇരുപതിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ബൈപ്പാസ് നിർമാണത്തിനായി വശങ്ങൾ കോൺക്രീറ്റ് ചെയ്തതിനെ തുടർന്ന് ഒഴുക്കില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് ആരോപണമുണ്ട്. കരാറുകാരോട് ഓവുചാൽ പണിയണമെന്നാവശ്യപ്പെട്ടിരുതായി നാട്ടുകാർ പറഞ്ഞു. ഇതുസംബന്ധിച്ച് അധികൃതരെ സമീപച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നും പരാതിയുണ്ട്. വെള്ളക്കെട്ടിന് പരിഹാരം കണ്ടില്ലെങ്കിൽ സമരം നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സുരേശൻ പറഞ്ഞു.

കർഷകരും രോഗികളും വലഞ്ഞു

എടക്കാട് : എടക്കാട് കൃഷിഭവന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കർഷകരെയും രോഗികളെയും ദുരിതത്തിലാക്കി. തോട്ടടയിലെ സാംസ്കാരികനിലയത്തിന്റെ താഴത്തെ നിലയിലാണ് രണ്ട് ഓഫീസുകളും പ്രവർത്തിക്കുന്നത്. കൃഷിഭവന് പുതിയ കെട്ടിടം പണിയുന്നതിനാൽ കഴിഞ്ഞ വർഷമാണ് താത്കാലികമായി സാംസ്കാരികനിലയത്തിലേക്ക് മാറ്റിയത്. മഴവെള്ളം ഒലിച്ചിറങ്ങി കെട്ടിടത്തിന് ചുറ്റും കെട്ടിക്കിടക്കുകയാണ്. മുട്ടോളം വെള്ളത്തിലൂടെ നടന്നുവേണം രണ്ടിടത്തേക്കുമെത്താൻ. ഡോക്ടറും കൃഷി ഓഫീസറും ഉൾപ്പെടെ ജീവനക്കാരും ദുരിതത്തിലാണ്. സമീപപ്രദേശങ്ങളിൽ തള്ളിയ മാലിന്യങ്ങളും വെള്ളത്തോടൊപ്പം ഒലിച്ചെത്തുന്നുണ്ട്. മലിനജലം ചവിട്ടിയാണ് ഒാഫീസിലെത്തുന്നത്.

സാംസ്കാരികനിലയത്തിൽ 25 വരെ നടക്കുന്ന ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനായി എത്തുന്നവരും ദുരിതത്തിലാണ്. വെള്ളിയാഴ്ച വഴുതി വീണ് ഒരാൾക്ക് നിസ്സാര പരിക്കേറ്റു. വെള്ളം ഒഴുക്കി കളയുന്നതിന് ആവശ്യമായ നടപടികൾ ഇതിവരെ സ്വീകരിച്ചില്ല.

തീരദേശ റോഡ് തകർന്നു

മയ്യിൽ: കനത്ത മഴയിൽ മുല്ലക്കൊടി-പറശ്ശിനിപ്പാലം തീരദേശ റോഡ് തകർന്നു. മുല്ലക്കൊടി പാലത്തിന് സമീപത്തുനിന്ന് പറശ്ശിനി പാലം വരെയാണ് തീരദേശ റോഡുള്ളത്. പൂർണമായും പുഴക്കരയിലൂടെയുള്ള ഈ റോഡ് ടൂറിസം സാധ്യതകൾ പരിഗണിച്ച് രണ്ടുവർഷം മുൻപ്‌ നിർമിച്ചതാണ്. കനത്ത മഴയിൽ 20 മീറ്ററോളം റോഡ് പുഴയിലേക്ക് ചെരിഞ്ഞു. അടുത്തകാലത്തായി നിരവധി പേരാണ് ഈ റോഡിൽ സവാരിക്കായി വൈകുന്നേരങ്ങളിൽ എത്തിയിരുന്നത്. നാട്ടുകാർ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്.

മണ്ണിടിഞ്ഞുവീണ് വീടിന് ഭീഷണി

അഞ്ചരക്കണ്ടി: മുരിങ്ങേരി ആലക്കലിലെ കൊമ്പിലാത്ത് സുകുമാരന്റെ വീടിന്റെ ചുവരിനോട് ചേർന്ന് മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലായി. വീടിന്റെ പിൻഭാഗത്തെ 10 മീറ്ററിലധികം ഉയരത്തിലുള്ള മൺതിട്ടയാണ് ഇടിഞ്ഞുവീണത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കാലവർഷം ശക്തമാതോടെ ഭീതിയിലാണ് വീട്ടുകാർ.