മട്ടന്നൂർ: പൂർവവിദ്യാർഥികളുടെ കൂട്ടായ്മയിൽ സഹപാഠിക്ക് സ്നേഹവീടൊരുങ്ങുന്നു. ശിവപുരം ഹൈസ്കൂളിൽനിന്ന് 1990-ൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കൂട്ടായ്മയായ ’ഓർമച്ചെപ്പാ’ണ് സഹപാഠിക്ക് വീട് നിർമിച്ചുനൽകി മാതൃകയാവുന്നത്. രണ്ടുവർഷം മുമ്പാണ് പൂർവവിദ്യാർഥികൾ ശിവപുരം ഹൈസ്കൂളിൽ ഒത്തുചേർന്ന്‌ ഓർമചെപ്പ് എന്ന പേരിൽ കമ്മിറ്റി രൂപവത്‌കരിച്ചത്. കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് വീട് നിർമിച്ചുനൽകാനായി തില്ലങ്കേരി ഇടിക്കുണ്ടിലെ അജയനെ തിരഞ്ഞെടുത്തത്. ഭാര്യയും രണ്ട്‌ മക്കളുമായി ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂരകെട്ടിയ വീടിനുള്ളിൽ കഴിയുകയായിരുന്നു അജയൻ.

രാമകൃഷ്ണൻ പഴശ്ശി ചെയർമാനായും പ്രശാന്ത് കുട്ടാമ്പള്ളി ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. നിലവിലുള്ള വീടിന് സമീപത്തായി പത്ത് സെന്റിൽ കോൺക്രീറ്റ് വീടാണ് പണിയുന്നത്. കഴിഞ്ഞ നവംബറിൽ പ്രവൃത്തി ആരംഭിച്ച വീടിന്റെ കോൺക്രീറ്റ് കഴിഞ്ഞദിവസമാണ് നടത്തിയത്. പത്തുലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിർമിക്കുന്നതെന്നും ഇതിനായുള്ള തുക സഹപാഠികളിൽനിന്നാണ് ശേഖരിച്ചതെന്നും സംഘാടകർ പറഞ്ഞു.

ഫെബ്രുവരി അവസാനത്തോടെ വീട് നിർമാണം പൂർത്തീകരിച്ച് കുടുംബത്തിന് താക്കോൽ കൈമാറാനുള്ള ഒരുക്കത്തിലാണ് പൂർവവിദ്യാർഥികൾ. പൂർവവിദ്യാർഥികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് നാട്ടുകാർ പറഞ്ഞു. സ്നേഹവീടിന്റെ കട്ടിളവെപ്പ് 19-ന് രാവിലെ നഗരസഭ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ നിർവഹിക്കും.

Content Highlights; alumni friends made a house for classmate