ഉളിക്കൽ: വയത്തൂർ കാലിയാർക്ഷേത്രം ഊട്ടുമഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു. ആനയുടെ പുറത്തുണ്ടായിരുന്ന രണ്ടുപേർക്ക് വീണ് പരിക്കേറ്റു. വീരാജ്‌പേട്ട സ്വദേശി സുഹാസിന് കാലിന്‌ പൊട്ടലുണ്ടായിട്ടുണ്ട്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. താലപ്പൊലിയുടെ ഏറ്റവും പിൻഭാഗത്തായാണ് ആനയെ എഴുന്നള്ളിച്ചത്. അതിനാൽ ആളപായം ഒഴിവായി.

ഉളിക്കൽ ടൗണിനു സമീപം എസ്.എൻ.ഡി.പി. മന്ദിരത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ക്ഷേത്രത്തിലേക്ക് ഇവിടെനിന്ന്‌ ഒന്നര കിലോമീറ്റർ ദൂരമുണ്ട്. ടൗണിലൂടെ കടന്നുപോയ ഘോഷയാത്ര അമ്പലത്തിനു സമീപം എത്തിയപ്പോഴാണ് ആന പരാക്രമം കാട്ടിയത്. ഈ സമയം താലപ്പൊലിയുടെ ഭൂരിഭാഗവും ക്ഷേത്രത്തിലെത്തിയിരുന്നു. ആനയുടെ ഭാവം മാറുന്നത് മനസ്സിലാക്കിയ പാപ്പാന്മാർക്ക്‌ ആനയെ കൂച്ചുവിലങ്ങിട്ട് നിർത്താനായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ആന ഇടഞ്ഞതോടെ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ചിതറിയോടി. ഘോഷയാത്രയ്ക്കുശേഷം തിരികെ വീട്ടിലേക്കു പോകേണ്ട സ്ത്രീകളും കുട്ടികളും സമീപത്തെ പറമ്പുകളിലൂടെ ദീർഘദൂരം സഞ്ചരിച്ചാണ് റോഡിലേക്ക് എത്തിയത്. മണിക്കൂറുകളോളം റോഡരികിൽ നിന്നിരുന്ന ആനയുടെ അടുക്കലേക്ക് പോലീസ് ആരെയും കടത്തിവിട്ടില്ല. എല്ലാ ഭാഗത്തേക്കുമുള്ള വാഹനങ്ങൾ കുരുക്കിലായി. ഏറെ പണിപ്പെട്ട് സമീപത്തെ പറമ്പിൽ തളച്ച ആനയെ ശനിയാഴ്ച രാവിലെ തിരികെ കൊണ്ടുപോയി. ചങ്ങലയിട്ട ആനയുടെ കാലുകളിൽ മുറിവുണ്ടായതാണ് ആനയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. വൈൽഡ് അനിമൽ വെൽഫെയർ ഫോറം പ്രവർത്തകർ സ്ഥലത്തെത്തി റിപ്പോർട്ട് ശേഖരിച്ചു.

സമാപനത്തിന് ആനയുണ്ടാവില്ല

ഉളിക്കൽ: ഉത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ചത്തെ ചടങ്ങുകൾക്ക് ആനയുണ്ടാവില്ലെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.ദിവാകരൻ പറഞ്ഞു. പകരം ആനയെ കൊണ്ടുവരുന്നതിന് മുൻകൂട്ടി അനുവാദം ആവശ്യമായതിനാൽ ആനയെ ഒഴിവാക്കുകയായിരുന്നു.