പയ്യന്നൂർ: വിളകൾ നശിപ്പിക്കുന്ന കുരങ്ങുകളുടെ ആക്രമണത്തെ നേരിട്ട് സഞ്ജീവനി പുരുഷ സ്വാശ്രയസംഘം നടത്തിയ കപ്പക്കൃഷി വിളവെടുത്തു. രാമന്തളി പരത്തിക്കാട്ടാണ് 11 പേർ ഉൾപ്പെടുന്ന കർഷകസംഘം കപ്പക്കൃഷി നടത്തിയത്. കുരങ്ങുകൂട്ടത്തിന്റെ ആക്രമണത്തിൽ തേങ്ങയും വാഴയുമെല്ലാം നശിച്ചതോടെയാണ് കർഷകർ കപ്പക്കൃഷിയുമായി രംഗത്തിറങ്ങുന്നത്.

കുരങ്ങുകൂട്ടത്തിന്റെ ആക്രമണത്തിൽ ഒരുതേങ്ങപോലും കിട്ടാതായതോടെ കർഷകർ തെങ്ങുകൾ പരിപാലിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. കുരങ്ങുകളുടെ ആക്രമണം വീടുകൾക്കുനേരേ തിരിഞ്ഞതോടെ കൊച്ചു കുട്ടികളെ വീടിനു പുറത്തിറക്കാൻപോലും രക്ഷിതാക്കൾക്ക് ഭയമായി. സമൃദ്ധമായി നടത്തിയിരുന്ന വാഴക്കൃഷിയും കുരങ്ങുശല്യത്തെത്തുടർന്ന് കർഷകർ ഉപേക്ഷിച്ചു.

ഈ സാഹചര്യത്തിലാണ് പരത്തിക്കാട്ടെ 11 പേർ ചേർന്ന് സംഘം രൂപവത്കരിച്ച് കുരങ്ങുകൾക്കെതിരെ രംഗത്തിറങ്ങിയത്. സ്വകാര്യ വ്യക്തികളുടെ ഒന്നര ഏക്കർ സ്ഥലം വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വാങ്ങിയാണ്‌ ഇവർ കൃഷിയിറക്കിയത്. കുരങ്ങുകളുടെ ആക്രമണം കുറവായിരിക്കുമെന്ന ചിന്തയിലാണ് കപ്പക്കൃഷി തുടങ്ങിയത്.

കൃഷിസ്ഥലത്തിന് ചുറ്റും വലകെട്ടിയിട്ടും കുരങ്ങുശല്യം നേരിട്ടു. തുടർന്ന് സമീപത്തെ വീടുകളിൽനിന്ന് ശേഖരിച്ച നൂറുകണക്കിന് സാരികൾകൊണ്ട് കൃഷിസ്ഥലത്തിന് ചുറ്റും വേലികെട്ടി. കൃഷി സ്ഥലത്തിന് നടുവിലായി 12 അടി ഉയരത്തിൽ ഏറുമാടമുണ്ടാക്കി ഒരാൾ വീതം മാറിമാറി ദിവസവും കാവലും നിന്നു. മറ്റു ജോലികൾക്ക് പോയിരുന്നവരാണ് വെല്ലുവിളിയോടെ കാവൽദൗത്യം ഏറ്റെടുത്തിരുന്നത്. വാനരപ്പടയെ കൂട്ടായ്മയിലൂടെ തോൽപ്പിച്ചതിന്റെ വിജയഗാഥയുമായാണ് കപ്പക്കൃഷിയുടെ വിളവെടുപ്പ് നടത്തിയത്.

ഞായറാഴ്ച നടത്തിയ വിളവെടുപ്പ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ വിപുലമായി അടുത്ത കൃഷിയിറക്കാനുള്ള സ്ഥലവും ഇതിനകം ഇവർ സംഘടിപ്പിച്ചു കഴിഞ്ഞു. കപ്പയ്ക്കുപുറമെ ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന എന്നിവയും അടുത്ത ഘട്ടത്തിൽ കൃഷിചെയ്യും. ഇപ്പോഴത്തെ കൃഷിസ്ഥലത്തിനു സമീപം ലഭിച്ച സ്ഥലം അടുത്ത കൃഷിക്കായി ഒരുക്കുകയാണിവർ. കുരങ്ങുശല്യത്താൽ ജീവിതം പൊറുതിമുട്ടിയ ജനതയുടെ പ്രതിഷേധം കൂടിയാണ് ഈ കൃഷിയും അതിന്റെ വിജയവുമെന്ന്‌ ഇവർ പറയന്നു.