നടുവിൽ: ഈ കാലവർഷം വാഴക്കർഷകർക്ക് കണ്ണീരിന്റേത്. ഓണക്കാലത്ത് വിളവെടുക്കാൻ നട്ടുവളർത്തിയ വാഴക്കുലകൾ പാകമാകുംമുന്നെ കാറ്റ് തല്ലി താഴെയിട്ടു. വേനൽക്കാലത്ത് വെള്ളംകോരിയും പരിചരിച്ചും വളർത്തിയെടുത്തതാണ് വാഴകളിലേറെയും.

നടുവിൽ പഞ്ചായത്തിൽ മാത്രം ഏകദേശം ആറായിരത്തോളം വാഴകളാണ് നിലംപതിച്ചത്. കുലച്ചതും മൂത്ത് പാകമായിവരുന്നവയുമായിരുന്നു മുഴുവനും.

പൈതൽ മലയുടെ ചരിവുകളിൽപ്പെടുന്ന പൊട്ടൻ പ്ലാവ്, കരാമരം തട്ട്, പാത്തൻപാറ, മൈലം പെട്ടി, നരയൻകല്ല്, മാവുംചാൽ, മുന്നൂർ കൊച്ചി, ആശാൻ കവല, വൈതൽക്കുണ്ട്, മഞ്ഞപ്പുല്ല് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏത്തവാഴ കൃഷി കൂടുതൽ.

പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്പയുംമറ്റുമെടുത്താണ് കർഷകർ വാഴ കൃഷിചെയ്തത്. മൂന്ന് തവണയിലധികം ഇത്തവണ കാറ്റ് വീശിയടിച്ചു. താവുന്ന്, വൈതൽക്കുണ്ട്, മഞ്ഞപ്പുല്ല് ഭാഗങ്ങളിൽ കനത്ത നാശമാണുണ്ടായത്.

ഇൻഷൂർചെയ്ത കുലച്ചവാഴ ഒടിഞ്ഞുവീണാൽ 300 രൂപയും കുലക്കാത്തതിന് 150 രൂപയുമാണ് നഷ്ടപരിഹാരം കിട്ടുക. അല്ലാത്തവയ്ക്ക് 100 രൂപയും.

ഏത്തക്കായ വില ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. പഴത്തിന് അമ്പതുരൂപക്ക് മുകളിലുണ്ട് വില. പാകമായ പച്ചക്കായക്ക് 45 രൂപയ്ക്ക് മുകളിൽ വില കിട്ടുന്നുണ്ട്.

ഒടിഞ്ഞുവീണ വാഴക്കുല കറിക്കായ ആയേ കൊടുക്കാൻ പറ്റൂ. ഇതിന് കിലോയ്ക്ക് 25 രൂപയോളമേ ലഭിക്കൂ.

വാഴക്കൃഷിയും നഷ്ടത്തിലേക്ക്

തുടർച്ചയായി കലാവസ്ഥ ചതിച്ചതോടെ വാഴക്കൃഷിയും നഷ്ടത്തിലേക്ക്. വാഴവിത്തിന്റെ വില മുതൽ രാസവളം, കൂലി, വാഹന വാടക എന്നിവയെല്ലാം ഇരട്ടിയോളമായി വർധിച്ചു.

15 മുതൽ 20 കിലോ വരെ ഭാരമുള്ള വാഴക്കുല കിട്ടുകയും വില 35 നും 45 നും ഇടയിൽ ലഭിക്കുകയും ചെയ്താലെ കൃഷി നഷ്ടമില്ലാതെ കൊണ്ടുപോകാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. കാലാവസ്ഥ ചതിക്കുകകൂടി ചെയ്തതോടെ കടക്കെണിയിലാവുകയാണ് വാഴക്കർഷകർ.