ചെറുകുന്ന്: കൃഷിക്കും ചെടികൾക്കും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകൾ കണ്ണപുരത്തും വ്യാപകം. ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിട പരിസരം, ചെറുകുന്ന് പോസ്റ്റ് ഓഫീസ്, ചുണ്ട റോഡ് പരിസരം, കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് ഒച്ചുകളെ കൂട്ടത്തോടെ കാണുന്നത്. രാവിലെ നടക്കാൻ പോകുന്നവർ പൊടിയുപ്പുപയോഗിച്ച് റെയിൽവേ പ്ലാറ്റ്ഫോമിലുള്ള ഒച്ചുകളെ നശിപ്പിക്കുന്നുണ്ട്.

സസ്യങ്ങൾക്കുപുറമെ, മണൽ, കുതിർന്ന കോൺക്രീറ്റ് കട്ടകൾ, കല്ലുകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. മസ്തിഷ്കജ്വരം പോലുള്ള അസുഖങ്ങൾക്കും ഒച്ചുകൾ കാരണമാകാറുണ്ടെന്ന് സുവോളജിക്കൽ സർവേയിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒച്ചിനെ നശിപ്പിക്കുന്നതിന് വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാവണമെന്ന് മീഡിയ റൈറ്റേഴ്സും കല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസനസമിതിയും ആവശ്യപ്പെട്ടു.

കൂട്ടത്തോടെ നശിപ്പിക്കണം

ആഫ്രിക്കൻ ഒച്ചുകൾ വളരെ വേഗം പടരുകയും ചെടികളെ തിന്ന് നശിപ്പിക്കുകയും ചെയ്യും. മരങ്ങളുടെ തോലും ഭിത്തികളിലെ പെയിന്റും തിന്നും.

തൊടുന്നതും അതിന്റെ വഴുവഴുപ്പ് ദേഹത്താകുന്നതും വഴി മെനിഞ്ജിറ്റീസ് പോലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് ഒച്ചുകളുള്ള സ്ഥലങ്ങൾ മുഴുവൻ കണ്ടെത്തി കുമ്മായവും ഉപ്പും വിതറി നശിപ്പിക്കണം.

ഇ.രാമചന്ദ്രൻ, സെക്രട്ടറി, ജൈവ കലവറ