പയ്യന്നൂർ: പോലീസ് കൺട്രോൾ റൂമിന്റെ വാഹനത്തിൽ ലോറിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. അപകടത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുനിൽകുമാർ, സി.പി.ഒ. ഷമീം, ഡ്രൈവർ രാജേഷ് എന്നിവർക്ക് പരിക്കേറ്റു. ഇവർ പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.

ബുധനാഴ്ച പുലർച്ചെ 1.30 ഓടെ കണ്ടോത്ത് ദേശീയപാതയിലാണ്് അപകടം. നൈറ്റ് പട്രോളിങ്ങിന്റെ ഭാഗമായി കരിവെള്ളൂർ ഭാഗത്തേക്ക് പോകുന്നതിനിടയിൽ കണ്ടോത്ത് റോഡരികിൽ നിർത്തിയിട്ട വാഹനത്തിലാണ് പിന്നിൽനിന്ന്‌ വന്ന ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കൺട്രോൾ റൂമിന്റെ വാഹനത്തിന്റെ ഒരു ഭാഗം തകർന്നു.

പയ്യന്നൂരിൽ അനുവദിച്ച പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിനായി ആധുനിക സൗകര്യങ്ങളുള്ള വാഹനം ഡിസംബർ ആറിനാണ് പയ്യന്നൂരിലെത്തിയത്. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവർ തമിഴ്‌നാട് അരിയല്ലൂർ സ്വദേശി എം.കാർത്തികേയനെയും പോലീസ് കസ്റ്റഡിയലെടുത്തു.