ഇരിട്ടി : എടൂർ-കമ്പിനിനിരത്ത്-ആനപ്പന്തി-അങ്ങാടിക്കടവ്-കച്ചേരിക്കടവ് പാലത്തിൻകടവ് മലയോരപാതയെ അന്തരാ​ഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി തുടങ്ങിയെങ്കിലും പദ്ധതിച്ചെലവിൽ ദുരൂഹത ആരോപിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്തെത്തി.

21.45 കിലോമീറ്റർ റോഡിന്റെ നവീകരണത്തിനായി 128.43 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ റോഡിന് ശരാശരി ആറുകോടിയിലധികം വരും.

റോഡിന് പുതുതായി സ്ഥലം പോലും ഏറ്റെടുക്കാതെയാണ് ഇത്രയും വലിയ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിരിക്കുന്നത്. നേരത്തേ ഇതിന് 220 കോടിയുടെ എസ്റ്റിമേറ്റായിരുന്നു നിർണയിച്ചിരുന്നത്. ഇതിൽ 40 ശതമാനത്തോളം കുറവിലാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ടി.പി. മുഖാന്തരം നടപ്പാക്കുന്ന പ്രവൃത്തിക്ക് പുതുതായി സ്ഥലം ഏറ്റെടുക്കില്ലെന്ന് പറയുന്നുമുണ്ട്. ലോകബാങ്ക് സഹായത്തോടെയുള്ള റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് 21.45 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പുനർനിർമിക്കുന്നത്.

പുതുതായി സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള വീതിക്ക് ആനുപാതികമായി അഞ്ചുമീറ്റർ മെക്കാഡം ടാറിങ്ങും റോഡിന്റെ ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ കോൺക്രീറ്റുമാണ് എസ്റ്റിമേറ്റിൽ പറയുന്നത്. സ്ഥലം ഏറ്റെടുക്കാതെ റോഡ് 11 മീറ്ററാക്കാനുള്ള ശ്രമം നടക്കുന്നതാണ് ഒരു വിഭാഗം നാട്ടുകാരിൽ സംശയം ഉയർത്തിയിരിക്കുന്നത്.

വീതികൂട്ടുമ്പോൾ നഷ്ടപ്പെടുന്നതിൽ ഭൂരിഭാഗവും കർഷകരുടെ ഭൂമിയാണ്. ഇത്രയും ഭീമമായ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുമ്പോൾ ഭൂമി പോകുന്ന കർഷകന്റെ കാര്യം പരിഗണിക്കപ്പെടാതെ പോയതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാനപാതയുടെ നവീകരണത്തിന് പോലും ഇത്രയും വലിയ തുക ഒരു കിലോമീറ്റർ പ്രവൃത്തിക്കായി ചെലവ് കണക്കാക്കിയിട്ടില്ല. നിലവുള്ള റോഡിൽ ചെമ്പോത്തിനാടി കവല മുതൽ ആനപ്പന്തി ടൗൺ വരെയും മുരുക്കുംകരി മുതൽ ചരൾ പമ്പ് വരെയും മലയോരഹൈവേയുടെ ഭാഗമായി മെക്കാഡം ടാറിങ്ങ് പൂർത്തിയാക്കിയിട്ടുണ്ട്.

നേരത്തേ ഈ ഭാഗവും കണക്കാക്കി 24.45 കിലോമീറ്ററായാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പിന്നീട് ചിലർ ഇതിൽ സംശയം പ്രകടിപ്പിച്ചതോടെ കിലോമീറ്റർ 21.45 കിലോമീറ്ററായി ചുരുങ്ങുകയായിരുന്നു. റോഡിൽ നിലവിലുള്ള പാലങ്ങൾ ഒന്നും പുതുക്കിപ്പണിയുന്നില്ല.

അഞ്ചിടങ്ങളിൽ പുതിയ കലുങ്കുകളും റോഡിന് കുറുകെയുള്ള 52 പഴയ കലുങ്കുകൾ പുതുക്കിപ്പണിയുകയുമാണ് ചെയ്യുന്നത്.

വീതികൂട്ടൽ നിർത്തിവെക്കാൻ ഉത്തരവ്

കരാർ വ്യവസ്ഥയിൽ പറയാത്ത വീതികൂട്ടൽ പ്രവൃത്തി താത്‌കാലികമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

പ്രദേശവാസികളായ 37 പേർ നൽകിയ ഹർജിയിലാണ് സർക്കാർ പ്ലീഡറിൽനിന്നും വിശദീകരണം കേട്ടശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ മാസം 29 വരെ റോഡിന്റെ വിലവിലുള്ള സ്ഥിതി തുടരാൻ ഉത്തരവിട്ടത്.കർഷകർക്ക്‌ നഷ്ടപരിഹാരം കിട്ടണം

വികസനത്തിന് എത്ര ഭൂമി വേണമെങ്കിലും വിട്ടുകൊടുക്കാൻ കർഷകർ തയ്യാറാണ്. ഒരു കിലോമീറ്റർ റോഡ് നവീകരിക്കാൻ ആറു കോടിയോളം മുടക്കുന്ന സർക്കാരിന് കർഷകന് അർഹമായ നഷ്ടപരിഹാരം കൊടുക്കാനും ബാധ്യതയുണ്ട്. 220 കോടിയുടെ എസ്റ്റിറ്റിമേറ്റ് ഉണ്ടാക്കി 128 കോടിക്ക് ടെൻഡർ ചെയ്തു. 220 കോടി ചെലവ് കണക്കാക്കി ടെൻഡർ വ്യവസ്ഥയിൽ കർഷകന് നൽകാനുള്ള നഷ്ടപരിഹാരമായി ബാക്കി പണം കണക്കാക്കണം.

സി.എം.ഫിലിപ്പ്, കമ്പനിനിരത്ത്, ജനകീയ കർമസമിതി പ്രസിഡന്റ്‌

Content highlights: 6 Crore for 1 Km Road Construction