തലശ്ശേരി : വളപട്ടണം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഇടപാടുകാർ പണയംവെച്ച അഞ്ചുകിലോ സ്വർണപ്പണ്ടങ്ങളാണ് പ്രതി കടത്തിയത്. അവ ജില്ലാ സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിൽ പണയംവെച്ചു. ഇവ തിരിച്ചെത്തിക്കാൻ മൂന്നുകോടി രൂപയുടെ കൃത്രിമ സ്വത്ത് പണയ വായ്പകൾ നൽകി. കൂടാതെ പലരും നിക്ഷേപിച്ച തുക സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കി തട്ടിയെടുത്തു. അക്കൗണ്ടിൽ കൃത്രിമം കാണിച്ച് ഒന്നരക്കോടി രൂപയും തട്ടിയെടുത്തു. കേസിൽ ഒരു കുറ്റപത്രത്തിൽ ഒന്നാംപ്രതിയെ ശിക്ഷിച്ചതോടെ ഒൻപത് കുറ്റപത്രങ്ങളിൽ വിചാരണ നടക്കാൻ ഇനിയും ബാക്കി. രണ്ട്‌ കുറ്റപത്രങ്ങൾ ഇനിയും നൽകണം.

യു.ഡി.എഫ്‌. ഭരിക്കുന്ന വളപട്ടണം സർവീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖ മാനേജറുടെ ചുമതല വഹിച്ച അക്കൗണ്ടന്റ് കെ.പി.മുഹമ്മദ് ജസീലാണ് കേസിലെ ഒന്നാംപ്രതി. കേസിൽ ജസീലിനെ വിജിലൻസ് കോടതി 42 വർഷം തടവിന് ശിക്ഷിച്ചു. 2012-2013 വർഷത്തെ വിവിധ ദിവസങ്ങളിൽ 3,70,000 രൂപ, 10,00,000 രൂപ, 72,00,000, 78,00,000 എന്നിങ്ങനെ 1,65,70,000 രൂപ ബാങ്കിൽനിന്ന് തട്ടിയെടുത്തു.

മന്ന ശാഖയിൽ ഇടപാടുകാർ പണയംവെച്ച അഞ്ചുകിലോ സ്വർണ പണ്ടങ്ങൾ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ കണ്ണൂർ മെയിൻ, കണ്ണൂർ സായാഹ്നശാഖ, കണ്ണൂർ വനിത, പുതിയതെരു മെയിൻ.,സായാഹ്നശാഖ,കമ്പിൽ,അഴീക്കോട് ശാഖകളിലും പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കൊയിലി ആസ്പത്രി ശാഖ,ചാലാട് ശാഖകളിലാണ് പണയം വെച്ചത്. മറ്റ് സുഹൃത്തുക്കൾ വഴിയും സ്വർണം പണയം വെച്ചു.

ബാങ്കിലെ മൂന്ന് ഇടപാടുകാരുടെ എസ്.ബി. അക്കൗണ്ടുകളിലെ 4,00,000 രൂപയും കെ.സയിറിന്റെ സ്ഥിര നിക്ഷേപ തുകയിൽനിന്ന്‌ ലോൺ ഓൺ ഡെപ്പോസിറ്റ് ഇനത്തിൽ 11,00,000- രൂപയുമെടുത്തു. മന്ന ശാഖയിൽ ഇടപാടുകാർ പണയംവെച്ച അഞ്ച് കിലോ സ്വർണ പണ്ടങ്ങൾ ഒന്നാംപ്രതി കടത്തിയത് മന്ന ശാഖയിൽ തിരികെ എത്തിക്കുന്നതിനും തട്ടിപ്പുകൾ പരിഹരിക്കുന്നതിനും മൂന്നുകോടി രൂപയുടെ കൃത്രിമ സ്വത്ത്‌പണയ വായ്പകൾ ഭരണസമിതിയും സെക്രട്ടറിയും ചേർന്നുണ്ടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി.

അഴീക്കോട് സ്വദേശി ജയപ്രകാശ്, ഷമീന ജയപ്രകാശ്, ഹൃദ്യ ജയപ്രകാശ് എന്നിവർ മന്ന ശാഖയിൽ സ്ഥിരനിക്ഷേപം നടത്തിയ 28,00,000 രൂപയുടെ എഫ്.ഡി. സർട്ടി ഫിക്കറ്റുകൾ കൃത്രിമമായി ഉണ്ടാക്കി 25,00,000 രൂപ തട്ടിയെടുത്തു. 2013 സെപ്റ്റംബറിൽ നടന്ന ഓഡിറ്റിങ്ങിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് കൃത്രിമം കണ്ടെത്തിയത്. സഹകരണ സംഘം ഓഡിറ്റ് വിഭാഗത്തിലെ സീനിയർ ഓഡിറ്റർ കെ.കുഞ്ഞിരാമൻ, അജേഷ്, ജീജ എന്നിവർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പ് പുറത്തുവന്നതോടെ മുഹമ്മദ് ജസീലിനെതിരേ ബാങ്ക് സെക്രട്ടറി എൻ.പി.ഹംസ വളപട്ടണം സി.ഐ.ക്ക് പരാതി നൽകി.

തട്ടിപ്പിൽ വിശദീകരണം ചോദിച്ച് ഭരണ സമിതിക്ക് സഹകരണ വകുപ്പ് ഓഡിറ്റ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. കേസ് രജിസ്റ്റർചെയ്ത് വളപട്ടണം സി.ഐ. പി.ബാലകൃഷ്ണൻ അന്വേഷണം തുടങ്ങിയതോടെ കൂടുതൽ കുറ്റകൃത്യങ്ങൾ കണ്ടെത്തി. പരാതിക്കാരനായ എൻ.പി ഹംസയെ കേസിൽ പ്രതിചേർത്തു. ഒപ്പം അഴിമതി നിരോധന നിയമവും കേസിൽ കൂട്ടിച്ചേർത്തു.

സർക്കാറിനുവേണ്ടി വളപട്ടണം സി.ഐ. പി.ബാലകൃഷ്ണൻ പരാതിക്കാരനായി റിപ്പോർട്ട് നൽകി. വിജിലൻസിന് കേസ് കൈമാറിയെങ്കിലും എറ്റെടുത്തില്ല. ലോക്കൽ പോലീസിന് തിരിച്ചുനൽകി. ഇതോടെ അന്വേഷണം നിലച്ചു. വളപട്ടണത്തെ സി.പി.എം. പ്രാദേശിക നേതാവ് സി.പി.ഗിരീശൻ ഹൈക്കോടതിയെ സമീപിച്ചതോടെ ഹൈക്കോടതി ഇടപെട്ടു.

ബാങ്കിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ ഒന്നാംപ്രതി മുഹമ്മദ് ജസീൽ ബാങ്കിൽനിന്ന്‌ അവധിയെടുത്ത്‌ വിദേശത്തേക്ക്‌ പോവുകയായിരുന്നു. ഹൈക്കോടതി നിരീക്ഷണത്തിലായിരുന്നു അന്വേഷണം.