പഴയങ്ങാടി : മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ഭണ്ഡാരം ദേവസ്വം ബോർഡ് അംഗങ്ങളുടെ സാന്നിധ്യമില്ലാതെയെണ്ണിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. സെപ്റ്റംബർ 18-ന് ഇവിടുത്തെ ഭണ്ഡാരം ബോർഡ് അംഗങ്ങളുടെ സാന്നിധ്യമില്ലാതെ ചിറക്കൽ എക്സിക്യുട്ടീവ് ഓഫീസറും മറ്റു ചിലരും ചേർന്ന് തുറന്ന് എണ്ണിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അന്വേഷണം നടക്കുന്നത്. കണ്ണൂർ ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. വിജിലൻസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൻ എക്സിക്യുട്ടീവ് ഓഫീസറെ മാറ്റണമെന്ന് പരാതിക്കാർ മലബാർ ദേവസ്വം ബോർഡ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.