ഇരിട്ടി : കേരള-കർണാടക അതിർത്തി ചെക്പോസ്റ്റായ കിളിയന്തറയിലെ ആർ.ടി.പി.സി.ആർ. പരിശോധനാകേന്ദ്രം പൂട്ടി. കോവിഡിന്റെ പുതിയ വകഭേദം വീണ്ടും പിടിമുറക്കുകയും നിയന്ത്രണവും ജാഗ്രതയും കൈവിടരുതെന്ന മുന്നറിയിപ്പും നിലനിൽക്കെയാണ് അടച്ചുപൂട്ടൽ.

അടച്ചിടൽ കാലത്ത് അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സൗജന്യമായി ആർ.ടി.പി.സി.ആറും ആന്റിജനും നടത്തിയ കേന്ദ്രമാണിത്. ഇപ്പോൾ കോവിഡ് പരിശോധനയ്ക്ക് ഉയർന്ന തുക നല്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

രണ്ടാഴ്ച മുൻപ്‌ കേന്ദ്രത്തിലെ ജീവനക്കാരെ മുഴുവൻ ഒഴിവാക്കിയിരുന്നു. യാത്രക്കാരുടെ വിവരശേഖരണവും മറ്റും നടത്തിയിരുന്നത് അധ്യാപകരും റവന്യൂജീവനക്കാരുമായിരുന്നു. സ്കൂൾ തുറന്നതോടെ അധ്യാപകരെ ഈ ചുമതലയിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ റവന്യൂജീവനക്കാരെയും ഒഴിവാക്കി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആന്റിജനും ആർ.ടി.പി.സി.ആറും നടത്തിയിരുന്നു. താത്‌കാലിക ഓഫീസ് സംവിധാനം പൊളിച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ 450 രൂപമുതൽ 500 രൂപവരെയാണ് ഈടാക്കുന്നത്.

മാക്കൂട്ടം-ചുരം പാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് നാലുമാസമായി ആർ.ടി.പി.സി.ആർ. ടെസ്റ്റ് റിപ്പോർട്ട് ആവശ്യമാണ്. വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റാണ് വേണ്ടത്. കിളിയന്തറയിൽ പരിശോധനാസംവിധാനം ഉണ്ടായിരുന്നതിനാൽ അധിക സാമ്പത്തികബാധ്യത ഉണ്ടാക്കാതെതന്നെ ആർ.ടി.പി.സി.ആർ. എടുക്കാൻ പറ്റുമായിരുന്നു. ചെക്പോസ്റ്റിലെ പരിശോധനാസംവിധാനം പൂട്ടിയതോടെ വിദ്യാർഥികളും സ്ഥിരംയാത്രക്കാരുമാണ് പ്രതിസന്ധിയിലായത്.

ബെംഗളൂരു വഴി വിദേശയാത്രക്കാർ

വൈറസിന്റെ പുതിയ വ്യാപനം മൂലം വിദേശത്തുനിന്ന് എത്തുന്നവരെ പരിശോധിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽനിന്ന് ബെംഗളൂരു വഴിയെത്തുന്ന യാത്രക്കാർ വിമാനമിറങ്ങി ഒരു പരിശോധനയും കൂടാതെ കേരളത്തിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്.

പുതിയ വകഭേദം കേരളത്തെ വേട്ടയാടും മുൻപ് കിളിയന്തറയിലെ ആർ.ടി.പി.സി.ആർ. പരിശോധനാകേന്ദ്രം പൂർവസ്ഥിതിയിലാക്കണമെന്നും സ്വകാര്യ ആശുപത്രികളിലെ കൊള്ള അവസാനിപ്പിക്കണമെന്നും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് വർഗീസ്, മുര്യൻ രവീന്ദ്രൻ, ഡെന്നീസ് എന്നിവർ അവശ്യപ്പെട്ടു.